സൗദി അറേബ്യ: 200 നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇന്റർസിറ്റി ബസ് സർവീസ് ഉദ്ഘാടനം ചെയ്തു

featured GCC News

രാജ്യത്തെ 200 നഗരങ്ങളെയും, ഗവർണറേറ്റുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്റർസിറ്റി ബസ് സർവീസിന് സൗദി അറേബ്യയിൽ തുടക്കമായി. സൗദി ഗതാഗത വകുപ്പ് മന്ത്രിയും, സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി (TGA) ചെയർമാനുമായ എൻജിനീയർ സലേഹ് അൽ ജാസ്സിറാണ് 2023 ഒക്ടോബർ 16-ന് ഈ സർവീസ് ഉദ്ഘാടനം ചെയ്തത്.

ഈ സർവീസിന്റെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമിടുന്ന ചടങ്ങിൽ വിവിധ വകുപ്പ് മന്ത്രിമാർ, അംബാസഡർമാർ, പൊതു, സ്വകാര്യ മേഖലകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. റിയാദിൽ വെച്ചാണ് TGA ഈ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.

Source: Saudi Transport General Authority.

വിദേശ പങ്കാളിത്തത്തോടെയാണ് സൗദി അറേബ്യ ഈ ബസ് സർവീസ് നടപ്പിലാക്കുന്നത്. 76 റൂട്ടുകളിലൂടെയാണ് ഈ ഇന്റർസിറ്റി ബസ് സർവീസ് സൗദി അറേബ്യയിലെ 200 നഗരങ്ങളെയും, ഗവർണറേറ്റുകളെയും തമ്മിൽ ബന്ധിപ്പിക്കുന്നത്.

വിദേശ പങ്കാളിത്തത്തോടെയുള്ള മൂന്ന് സംരംഭങ്ങളാണ് ഈ ഇന്റർസിറ്റി ബസ് സർവീസിന്റെ ഭാഗമായി യാത്രാ സേവനങ്ങൾ നൽകുന്നത്.

Source: Saudi Transport General Authority.

ആഗോള സഹകരണത്തിലൂടെ രൂപീകരിച്ചിട്ടുള്ള ദർബ് അൽവതൻ കമ്പനി, നോർത്ത്‌വെസ്റ്റ് ബസ് കമ്പനി, SAT എന്നിങ്ങനെ മൂന്ന് കമ്പനികളാണ് ഈ പദ്ധതിയുടെ ഭാഗമായി ബസ് സർവീസുകൾ നടത്തുന്നത്. ഇതിൽ ദർബ് അൽവതൻ കമ്പനി വടക്കന്‍ മേഖലയിലെ 75 നഗരങ്ങളെയും, ഗവർണറേറ്റുകളെയും ബന്ധിപ്പിച്ച് കൊണ്ട് 26 റൂട്ടുകളിൽ 124 പ്രതിദിന ബസ് സർവീസുകൾ നടത്തുന്നതാണ്.

നോർത്ത്‌വെസ്റ്റ് ബസ് കമ്പനി വടക്കുപടിഞ്ഞാൻ മേഖലയിലെ 70 നഗരങ്ങളെയും, ഗവർണറേറ്റുകളെയും ബന്ധിപ്പിച്ച് കൊണ്ട് 23 റൂട്ടുകളിൽ 190 പ്രതിദിന ബസ് സർവീസുകൾ നടത്തുന്നതാണ്. SAT തെക്കൻ മേഖലയിലെ 80 നഗരങ്ങളെയും, ഗവർണറേറ്റുകളെയും ബന്ധിപ്പിച്ച് കൊണ്ട് 27 റൂട്ടുകളിൽ 178 പ്രതിദിന ബസ് സർവീസുകൾ നടത്തുന്നതാണ്.

വാർഷികാടിസ്ഥാനത്തിൽ ഏതാണ്ട് ആറ് ദശലക്ഷത്തിൽ പരം യാത്രികർക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിന് ലക്ഷ്യമിടുന്ന ഈ പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്ന ഏറ്റവും പുതിയ ബസുകളാണ് ഉപയോഗിക്കുന്നത്. നഗരങ്ങൾക്കിടയിലെ യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനും, കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും, റോഡിലെ വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിനും, അതിലൂടെ റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനും ഈ ഇന്റർസിറ്റി ബസ് സർവീസ് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ ബസ് സർവീസുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ, ടിക്കറ്റ് ബുക്കിംഗ് മുതലായവ https://tga.gov.sa/Home/Intercitybus എന്ന വിലാസത്തിൽ ലഭ്യമാണ്.

Cover Image: Saudi Transport General Authority.