യു എ ഇ: നിക്ഷേപകർക്ക് ബിസിനസ് ഓപ്പർച്യൂണിറ്റി വിസ പ്രയോജനപ്പെടുത്താമെന്ന് ICP

UAE

നിക്ഷേപകർക്കും, വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും ബിസിനസ് ഓപ്പർച്യൂണിറ്റി വിസ പ്രയോജനപ്പെടുത്താമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിസിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിക്ഷേപകർ, വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർ, തൊഴിൽ നൈപുണ്യമുള്ളവർ, വാണിജ്യ ധനവിനിയോഗകാര്യ വിദഗ്ദ്ധർ തുടങ്ങിയവർക്ക് യു എ ഇ നൽകുന്ന ബിസിനസ് ഓപ്പർച്യൂണിറ്റി വിസയുടെ നിരവധി ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താമെന്നും ICP ആഹ്വാനം ചെയ്തിട്ടുണ്ട്.

യു എ ഇയിലെ വാണിജ്യ അവസരങ്ങൾ നേരിട്ട് വിലയിരുത്തുന്നതിന് സഹായിക്കുന്ന ഇത്തരം വിസിറ്റ് വിസകൾ നിക്ഷേപകർക്കും മറ്റും ഏറെ പ്രയോജനകരമാണെന്ന് ICP ചൂണ്ടിക്കാട്ടി. ഇത്തരം വിസകളിലുള്ളവർക്ക് ഒരു തവണയോ, നിരവധി തവണയോ യു എ ഇയിലേക്ക് പ്രവേശിക്കാൻ അനുമതി ലഭിക്കുമെന്നും, ഇത്തരം വിസയിൽ പ്രവേശിക്കുന്നവർക്ക് പരമാവധി 180 ദിവസം വരെ യു എ ഇയിൽ തുടരാൻ അനുമതി ലഭിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

താഴെ പറയുന്ന നിബന്ധനകൾ പാലിച്ച് കൊണ്ട് ഇത്തരം വിസകൾക്ക് അപേക്ഷിക്കാവുന്നതാണ്:

  • യു എ ഇയിലെ വാണിജ്യ അവസരങ്ങൾ വിലയിരുത്താൻ ആഗ്രഹിക്കുന്ന മേഖലയിൽ യോഗ്യതയുള്ള വ്യക്തികൾക്കാണ് ഇത്തരം വിസകൾ നൽകുന്നത്.
  • ഇവർക്ക് ആറ് മാസത്തിലധികം സാധുതയുള്ള പാസ്സ്‌പോർട്ട് നിർബന്ധമാണ്.
  • ഇവർക്ക് യു എ ഇയിൽ ആരോഗ്യ സുരക്ഷാ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കണം.
  • ഇവർക്ക് യു എ ഇയിലേക്കും, തിരികെയും സഞ്ചരിക്കുന്നതിനുള്ള സ്ഥിരീകരിക്കപ്പെട്ട യാത്രാ ടിക്കറ്റ് ഉണ്ടായിരിക്കണം.