ഒമാൻ: ജബൽ അൽ അഖ്ദാർ ടൂറിസം മേള ഇന്ന് അവസാനിക്കും; മറ്റു വിലായത്തുകളിലും സമാനമായ മേളകൾ സംഘടിപ്പിക്കും

GCC News

ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം സംഘടിപ്പിക്കുന്ന ജബൽ അൽ അഖ്ദാർ ടൂറിസം മേളയുടെ ആദ്യ പതിപ്പ് ഇന്ന് (2022 ഓഗസ്റ്റ് 27, ശനിയാഴ്ച) അവസാനിക്കും. 2022 ഓഗസ്റ്റ് 23, ചൊവ്വാഴ്ചയാണ് ജബൽ അൽ അഖ്ദാർ ടൂറിസം മേള ആരംഭിച്ചത്.

അൽ ദാഖിലിയ ഗവർണർ ഓഫീസ്, ജബൽ അൽ അഖ്ദാർ വിലായത്ത് ഓഫീസ് എന്നിവരുമായി സംയുക്തമായാണ് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം ഈ മേള സംഘടിപ്പിച്ചത്.

മലനിരകളിലൂടെ ഒമാൻ ടീം ഓൺ ഹോഴ്സ്ബാക്ക് സംഘാംഗങ്ങൾ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞ് കൊണ്ട് നടത്തിയ ഒരു പരേഡോടെയാണ് ജബൽ അൽ അഖ്ദാർ ടൂറിസം മേളയുടെ ആദ്യ പതിപ്പിന് തുടക്കമായത്.

മേളയുടെ ഭാഗമായി കാർഷികോത്പന്നങ്ങൾ, കരകൗശലവസ്തുക്കൾ, ചെടികളിൽ നിന്നുള്ള സുഗന്ധതൈലങ്ങൾ തുടങ്ങിയ വിവിധ ഉത്പന്നങ്ങളുടെ പ്രദർശനം ഒരുക്കിയിരുന്നു.

അഞ്ച് ദിവസം നീണ്ട് നിന്ന് ഈ മേളയിൽ ജബൽ അൽ അഖ്ദാർ മേഖലയിലെ അതുല്യമായ ടൂറിസം ആകർഷണങ്ങളെ പ്രത്യേകം എടുത്ത് കാട്ടുന്ന വിവിധ തരത്തിലുള്ള വിനോദപരിപാടികൾ, ടൂറിസം പരിപാടികൾ മുതലായവ അരങ്ങേറി.

ഒമാനിലെ മറ്റു വിലായത്തുകളിലും സമാനമായ ടൂറിസം മേളകൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് വരുന്നതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടിട്ടുണ്ട്. ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അണ്ടർ സെക്രട്ടറി എൻജിനീയർ ഇബ്രാഹിം ബിൻ സൈദ് അൽ ഖറൂസിയെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.