ഒമാൻ: ജബൽ അൽ അഖ്ദാർ ടൂറിസം മേളയ്ക്ക് തുടക്കമായി

featured GCC News

ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം സംഘടിപ്പിക്കുന്ന ജബൽ അൽ അഖ്ദാർ ടൂറിസം മേളയുടെ ആദ്യ പതിപ്പിന് 2022 ഓഗസ്റ്റ് 23, ചൊവ്വാഴ്ച മുതൽ തുടക്കമായി. അൽ ദാഖിലിയ ഗവർണർ ഓഫീസ്, ജബൽ അൽ അഖ്ദാർ വിലായത്ത് ഓഫീസ് എന്നിവരുമായി സംയുക്തമായാണ് മന്ത്രാലയം ഈ മേള സംഘടിപ്പിക്കുന്നത്.

ജബൽ അൽ അഖ്ദാർ ടൂറിസം മേളയുടെ ആദ്യ പതിപ്പിന് തുടക്കമിട്ടു കൊണ്ട് മലനിരകളിലൂടെ കുതിരപ്പുറത്തുള്ള പരേഡ് നടന്നു. ഒമാൻ ടീം ഓൺ ഹോഴ്സ്ബാക്ക് സംഘാംഗങ്ങളാണ് ഈ പരേഡിൽ അണിനിരന്നത്.

Source: Oman Ministry of Heritage and Tourism.

അൽ ദാഖിലിയ ഗവർണറേറ്റിലെ ജബൽ അൽ അഖ്ദാർ വിലായത്തിൽ വെച്ച് സംഘടിപ്പിക്കുന്ന ആദ്യ ടൂറിസം മേളയാണിത്. 2022 ഓഗസ്റ്റ് 23 മുതൽ ഓഗസ്റ്റ് 27 വരെ അഞ്ച് ദിവസങ്ങളിലായാണ് ജബൽ അൽ അഖ്ദാർ ടൂറിസം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

Source: Oman Ministry of Heritage and Tourism.

ഈ മേളയിൽ വിവിധ തരത്തിലുള്ള വിനോദപരിപാടികൾ, ടൂറിസം പരിപാടികൾ മുതലായവ ഉണ്ടായിരിക്കുന്നതാണ്. ജബൽ അൽ അഖ്ദാർ മേഖലയിലെ അതുല്യമായ ടൂറിസം ആകർഷണങ്ങളെ പ്രത്യേകം എടുത്ത് കാട്ടുന്ന രീതിയിലായിരിക്കും ഈ മേള സംഘടിപ്പിക്കുന്നത്. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ഗ്രീൻ മൗണ്ടൈൻ ട്രെയ്ൽസ് ഉൾപ്പടെ വിവിധ മൗണ്ടൈൻ അഡ്വെഞ്ചർ പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതിന് പുറമെ, മേഖലയിലെ പ്രധാന വിളകളിലൊന്നായ മാതളനാരങ്ങയുടെ പ്രാധാന്യം എടുത്ത് കാട്ടുന്ന പരിപാടികൾ, സന്ദർശകർക്ക് മാതളനാരങ്ങയുടെ വിളവെടുപ്പ് കാലം അടുത്തറിയാനുള്ള പ്രവർത്തനങ്ങൾ എന്നിവയും മേളയുടെ ആകർഷണങ്ങളാണ്. വിവിധ വിനോദ, സാംസ്‌കാരിക, സാമൂഹിക പരിപാടികളും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Cover Photo: Oman Ministry of Heritage and Tourism.