ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനായി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരുന്ന യാത്രാ വിമാനങ്ങളുടെയും, പ്രതിദിന യാത്രികരുടെയും എണ്ണം അടുത്ത രണ്ടാഴ്ച്ചകൾക്കുള്ളിൽ ഉയർത്തുമെന്ന് സൂചന. ഏതാനം പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളുമായുള്ള നേരിട്ടുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ച സാഹചര്യത്തിൽ വിമാനത്താവളത്തിലെ പ്രതിദിന യാത്രികരുടെ എണ്ണം 7500-ലേക്ക് ഉയർത്തുന്നതിന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഡയറക്ടർ ജനറൽ യൗസേഫ് അൽ ഫൗസാൻ കഴിഞ്ഞ ദിവസം ക്യാബിനറ്റ് അനുമതി തേടിയിരുന്നു. ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി DGCA കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഈ തീരുമാനം നടപ്പിലാക്കുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്നും, ആരോഗ്യ മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുള്ള നിബന്ധനകൾ പ്രകാരം യാത്രികർക്ക് താമസിയാതെ പ്രവേശനം നൽകുമെന്നുമാണ് പ്രാദേശിക മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.
ഇന്ത്യ, ഈജിപ്ത്, നേപ്പാൾ ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുമായുള്ള നേരിട്ടുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കുന്നതിന്റെ കൃത്യമായ തീയതി സംബന്ധിച്ച് ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും DGCA ആ അവസരത്തിൽ അറിയിച്ചിരുന്നു.