കുവൈറ്റ്: ഭരണാധികാരികളുടെ ചിത്രങ്ങൾ, ദേശീയ ചിഹ്നം എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള വാണിജ്യ സാധനങ്ങളുടെ വില്പന നിരോധിച്ചു

featured GCC News

രാജ്യത്തെ ഭരണാധികാരികളുടെ ചിത്രങ്ങൾ, ദേശീയ ചിഹ്നം എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള വാണിജ്യ സാധനങ്ങളുടെ വില്പന നിരോധിച്ചതായി കുവൈറ്റ് മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി അറിയിച്ചു. 2023 ജനുവരി 21-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം കുവൈറ്റ് അമീർ, കുവൈറ്റ് കിരീടാവകാശി തുടങ്ങിയവരുടെ ചിത്രങ്ങൾ, ദേശീയ ചിഹ്നം മുതലായവ വാണിജ്യ ഉത്പന്നങ്ങളിലും, പ്രസിദ്ധീകരണങ്ങളിലും ഉൾപ്പെടുത്താൻ അനുമതിയില്ല. ‘2014/ 216’ എന്ന ഔദ്യോഗിക ഉത്തരവിലെ ആർട്ടിക്കിൾ 16 പ്രകാരമാണ് ഈ നിരോധനം.

ഈ ആർട്ടിക്കിൾ പ്രകാരം കുവൈറ്റ് അമീർ, കുവൈറ്റ് കിരീടാവകാശി തുടങ്ങിയവരുടെ ചിത്രങ്ങൾ, ദേശീയ ചിഹ്നം എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള വാണിജ്യ ഉത്പന്നങ്ങളുടെയും, പ്രസിദ്ധീകരണങ്ങളുടെയും പ്രദർശനം, വില്പന, വിതരണം എന്നിവയ്ക്ക് കുവൈറ്റ് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ നിയമ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മന്ത്രാലയത്തിന്റെ പ്രത്യേക സംഘങ്ങൾ പരിശോധനകൾ നടത്തുന്നതായും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത്തരം പരിശോധനകളിൽ കണ്ടെത്തിയ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.

Cover Image: WAM.