രാജ്യത്തെ COVID-19 രോഗവ്യാപനം തടയുന്നതിനായി പുതിയ പ്രതിരോധ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനും, സുരക്ഷാ മുൻകരുതൽ നടപടികൾ കൂടുതൽ കർശനമാക്കുന്നതിനും കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു. 2022 ജനുവരി 10-ന് ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ജനുവരി 10, തിങ്കളാഴ്ച്ച രാത്രിയാണ് കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ ഇക്കാര്യം അറിയിച്ചത്. കുവൈറ്റിൽ പ്രതിദിന COVID-19 രോഗബാധ ഉയരുന്നതും, കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം വ്യാപിക്കുന്നതും കണക്കിലെടുത്താണ് ഇത്തരം ഒരു തീരുമാനം.
ജനുവരി 10-ലെ കുവൈറ്റ് ക്യാബിനറ്റ് യോഗത്തിൽ അറിയിച്ചിരിക്കുന്ന തീരുമാനങ്ങൾ:
- സർക്കാർ മേഖലയിലെ സ്ഥാപനങ്ങളിൽ പരമാവധി 50 ശതമാനം ജീവനക്കാർക്കായിരിക്കും പ്രവേശനം അനുവദിക്കുന്നത്. ഈ തീരുമാനം ജനുവരി 12 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
- സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ നേരിട്ടെത്തുന്ന ജീവനക്കാരുടെ എണ്ണം കുറയ്‌ക്കേണ്ടതാണ്. സ്ഥാപനത്തിന്റെ പ്രവർത്തനം തടസപ്പെടാതിരിക്കുന്നതിന് ഏറ്റവും കുറഞ്ഞത് ആവശ്യമായി വരുന്ന ജീവനക്കാർ മാത്രം ദിനവും നേരിട്ടെത്തുന്ന രീതിയാണ് നടപ്പിലാക്കേണ്ടത്.
- ജനുവരി 12 മുതൽ സ്ഥാപനങ്ങളിലെ കോൺഫെറൻസുകൾ, മീറ്റിംഗുകൾ തുടങ്ങിയവ ഓൺലൈൻ സംവിധാനങ്ങളിലൂടെ നടത്തേണ്ടതാണ്.
- നഴ്സറികളിലെ മുഴുവൻ ജീവനക്കാരും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണം.
- ജനുവരി 12 മുതൽ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനം പരമാവധി അമ്പത് ശതമാനം യാത്രികർ എന്ന രീതിയിൽ നിയന്ത്രിക്കേണ്ടതാണ്.
- ബ്യൂട്ടി സലൂൺ, ബാർബർ ഷോപ്, ഹെൽത്ത് ക്ലബ് തുടങ്ങിയ ഇടങ്ങളിലെ സന്ദർശകർ, ജീവനക്കാർ തുടങ്ങിയവർ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണം.
- സർക്കാർ ഓഫീസുകൾ, മന്ത്രാലയങ്ങൾ തുടങ്ങിയ ഇടങ്ങൾ സന്ദർശിക്കുന്നവർ ഓൺലൈൻ സംവിധാനങ്ങളിലൂടെ മുൻകൂർ അനുമതി നേടിയിരിക്കണം.
- ക്വാറന്റീൻ നടപടികൾ പരിശോധിക്കുന്നതിനായി ‘Shlonak’ ആപ്പ് ഉപയോഗിക്കുന്നതാണ്.
- നിലവിൽ രാജ്യത്ത് കർഫ്യു ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടില്ല.
രാജ്യത്ത് സമ്പൂർണ്ണ കർഫ്യു ഏർപ്പെടുത്താൻ തീരുമാനിച്ചതായുള്ള രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് കുവൈറ്റ് സർക്കാർ വക്താവ് താരിഖ് അൽ മുസാരം 2022 ജനുവരി 9-ന് രാത്രി വ്യക്തമാക്കിയിരുന്നു.