കുവൈറ്റ്: മെയ് 23 മുതൽ ഭക്ഷണശാലകളിൽ ഇൻഡോർ ഡൈനിങ്ങ് അനുവദിക്കുന്നത് സംബന്ധിച്ച് അധികൃതർ വ്യക്തത നൽകി

featured Kuwait

രാജ്യത്തെ റെസ്റ്ററന്റുകൾ, കഫെ മുതലായ ഭക്ഷണശാലകളിൽ നിന്ന് 2021 മെയ് 23, ഞായറാഴ്ച്ച മുതൽ ഇൻഡോർ ഡൈനിങ്ങ് സേവനങ്ങൾ അനുവദിക്കുമെങ്കിലും, ഇത്തരം സേവനങ്ങൾ നൽകുന്നതിന് രാവിലെ 5 മുതൽ രാത്രി 8 വരെ മാത്രമാണ് സ്ഥാപനങ്ങൾക്ക് അനുമതിയെന്ന് കുവൈറ്റ് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. മെയ് 23 മുതൽ ഭക്ഷണശാലകളിൽ ഇൻഡോർ ഡൈനിങ്ങ് അനുവദിക്കുന്നത് സംബന്ധിച്ച് മെയ് 18-ന് കുവൈറ്റ് ക്യാബിനറ്റ് പ്രഖ്യാപിച്ച തീരുമാനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട്, രാജ്യത്തെ COVID-19 പ്രതിരോധ ചുമതലകൾ വഹിക്കുന്ന കമ്മിറ്റിയാണ് ഇപ്പോൾ വ്യക്തത നൽകിയത്. ഈ കമ്മിറ്റിയുടെ തലവനും, മുനിസിപ്പാലിറ്റി ഡയറക്ടർ ജനറലുമായ അഹ്മദ് അൽ മൻഫൗഹിയാണ് ഇക്കാര്യം അറിയിച്ചത്.

മെയ് 20-ന് വൈകീട്ടാണ് കമ്മിറ്റി ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്. കർശനമായ COVID-19 പ്രതിരോധ നിബന്ധനകളോടെയാണ് ഭക്ഷണശാലകളിൽ ഇൻഡോർ ഡൈനിങ്ങ് അനുവദിക്കുന്നത്.

ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന രീതിയിലാണ് കുവൈറ്റിൽ മെയ് 23 മുതൽ ഭക്ഷണശാലകളിൽ ഇൻഡോർ ഡൈനിങ്ങ് അനുവദിക്കുന്നത്:

  • രാവിലെ 5 മുതൽ രാത്രി 8 വരെ മാത്രമാണ് സ്ഥാപനങ്ങൾക്ക് ഇൻഡോർ ഡൈനിങ്ങ് സേവനങ്ങൾ നൽകുന്നതിന് അനുമതി.
  • രാത്രി 8 മണിക്ക് ശേഷം വരുന്ന ഉപഭോക്താക്കൾക്ക് ഔട്ട്ഡോർ സേവനം, അല്ലെങ്കിൽ ഹോം ഡെലിവറി എന്നീ രീതികളിൽ മാത്രമാണ് സേവനങ്ങൾ നൽകാൻ അനുവദിച്ചിട്ടുള്ളത്.
  • തിരക്കൊഴിവാക്കുന്നതിനായി ഉപഭോക്താക്കൾക്ക് മുൻ‌കൂർ ബുക്കിംഗ് നിർബന്ധമാക്കിയിട്ടുണ്ട്.
  • ജീവനക്കാർ, ഉപഭോക്താക്കൾ എന്നിവരുടെ ശരീരോഷ്മാവ് പരിശോധിച്ച് രേഖപ്പെടുത്തേണ്ടതാണ്.