വിദേശ പൗരന്മാർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരാൻ തീരുമാനിച്ചതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വ്യക്തമാക്കി. മാർച്ച് 18-ന് വൈകീട്ടാണ് കുവൈറ്റ് DGCA ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിദേശ പൗരന്മാരായ യാത്രികർ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ടുള്ള മന്ത്രിസഭാ തീരുമാനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്നാണ് കുവൈറ്റ് DGCA പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നത്. കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.
2021 ഫെബ്രുവരി 7 മുതൽ രണ്ടാഴ്ച്ചത്തേക്ക് വിദേശ പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് കുവൈറ്റ് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ആരോഗ്യ വകുപ്പുകളുടെ നിർദ്ദേശ പ്രകാരം ഈ വിലക്കുകൾ തുടരാൻ അധികൃതർ പിന്നീട് തീരുമാനിക്കുകയായിരുന്നു. രാജ്യത്തും, ആഗോളതലത്തിലുമുള്ള നിലവിലെ ആരോഗ്യ സാഹചര്യങ്ങൾ കണക്കിലെടുത്താണ് വിദേശികൾക്ക് രാജ്യത്തേക്ക് പ്രവേശനം വിലക്കിയിട്ടുള്ളത്.