കുവൈറ്റ്: റെസിഡൻസി പെർമിറ്റ്, സന്ദർശക വിസ എന്നിവയുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടിനൽകി

GCC News

രാജ്യത്തിനകത്തുള്ള, കാലാവധി അവസാനിച്ച റെസിഡൻസി പെർമിറ്റുകളുടെയും, സന്ദർശക വിസകളുടെയും കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകാൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. പുതിയ തീരുമാന പ്രകാരം സെപ്റ്റംബർ 1 മുതൽ 2020 നവംബർ 30 വരെയാണ് ഈ രേഖകളുടെ കാലാവധി നീട്ടി നൽകുന്നത്.

വിസ കാലാവധികൾ 3 മാസത്തേക്ക് കൂടി നീട്ടുന്നതിനുള്ള നടപടികൾ മന്ത്രാലയം ഓൺലൈനിലൂടെ സ്വയമേവ നടപ്പിലാക്കുന്നതാണ്. കൊറോണാ വൈറസ് പശ്ചാത്തലത്തിൽ കുവൈറ്റിൽ തുടരേണ്ടി വന്നവരുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് വിസ കാലാവധികൾ നീട്ടി നൽകുന്നത്.

ഇത്തരം വിസകളുടെ കാലാവധി ഓഗസ്റ്റ് 31-നു ശേഷം നീട്ടി നൽകേണ്ട എന്ന് തീരുമാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട് നേരത്തെ വാർത്തകൾ വന്നിരുന്നെങ്കിലും, നിലവിലെ അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത് മൂന്ന് മാസത്തേക്ക് കൂടി ഇവയുടെ കാലാവധി നീട്ടാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. തുടർന്ന്, മന്ത്രിസഭാ തീരുമാനം 444/2020-ത്തിനു കീഴിൽ, ഓഗസ്റ്റ് 31-നു കാലാവധി അവസാനിക്കുന്ന എല്ലാ റെസിഡൻസി, സന്ദർശക വിസകളുടെയും സാധുത 3 മാസത്തേക്ക് കൂടി നീട്ടിയതായി കുവൈറ്റ് ഉപ പ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ അനസ് അൽ സലെഹ് ഉത്തരവ് പുറപ്പെടുവിച്ചു.

ഈ തീരുമാനം നിലവിൽ കുവൈറ്റിനകത്തുള്ള കാലാവധി അവസാനിച്ച എല്ലാ തരം റെസിഡൻസി വിസകളിലുള്ളവർക്കും, സന്ദർശക വിസകളിലുള്ളവർക്കും മാത്രമാണ് ബാധകമാകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള റെസിഡൻസി വിസകളിലുള്ളവരുടെ തൊഴിലുടമകളോട്, വിസകൾ പുതുക്കുന്ന നടപടികൾ ഈ നീട്ടിനൽകിയ കാലാവധിയിൽ കൃത്യമായി കൈക്കൊള്ളാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായുള്ള നടപടികൾ മന്ത്രാലയത്തിൻറെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ, ഓരോ ഗവർണറേറ്റിലുമുള്ള റെസിഡൻസി അഫയേഴ്‌സ് കാര്യാലയങ്ങളിലൂടെയോ തൊഴിലുടമകൾക്കോ, സ്പോണ്സർമാർക്കോ നിർവഹിക്കാവുന്നതാണ്. ഇത്തരത്തിൽ കാലാവധി നീട്ടികിട്ടിയിട്ടുള്ള എല്ലാ സന്ദർശക വിസകളിലുള്ളവരോടും 2020 നവംബർ 30-നു മുൻപായി കുവൈറ്റിൽ നിന്ന് മടങ്ങുന്നതിനുള്ള യാത്രാ നടപടികൾ കൈക്കൊള്ളാനും മന്ത്രാലയം ഉത്തരവിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

COVID-19 വ്യാപന സാഹചര്യത്തിൽ ഇത് മൂന്നാം തവണയാണ് റെസിഡൻസി പെർമിറ്റുകളുടെയും, സന്ദർശക വിസകളുടെയും കാലാവധി 3 മാസത്തേക്ക് നീട്ടി നൽകുന്നത്. നേരത്തെ മാർച്ച് മുതൽ മെയ് വരെയും, പിന്നീട് ജൂൺ മുതൽ ഓഗസ്റ്റ് 31 വരെയും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഈ രേഖകളുടെ കാലാവധി നീട്ടി നൽകിയിരുന്നു.