കുവൈറ്റിൽ ഏർപ്പെടുത്തിയിട്ടുള്ള ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ 2021 ഏപ്രിൽ 22 വരെ തുടരാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഏപ്രിൽ 1-ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കർഫ്യു നിയന്ത്രണങ്ങൾ രണ്ടാഴ്ച്ച കൂടി തുടരാൻ തീരുമാനിച്ചത്.
കുവൈറ്റിൽ 2021 മാർച്ച് 7 മുതൽ ഏപ്രിൽ 8 വരെയാണ് രാജ്യവ്യാപകമായി ഭാഗിക കർഫ്യു ഏർപ്പെടുത്തിയിരുന്നത്. ഈ പുതിയ തീരുമാനത്തോടെ ഈ നിയന്ത്രണങ്ങൾ ഏപ്രിൽ 22 വരെ തുടരും. രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ റമദാൻ മാസത്തിലും തുടരാൻ സാധ്യതയുള്ളതായി കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ദിനം തോറുമുള്ള കർഫ്യു നിയന്ത്രണങ്ങളുടെ സമയക്രമത്തിൽ ഏപ്രിൽ 8 മുതൽ മാറ്റം വരുത്താനും അധികൃതർ തീരുമാനിച്ചതായി കുവൈറ്റ് സർക്കാർ വക്താവ് താരീഖ് അൽ മസരേം വ്യക്തമാക്കി. നിലവിൽ ദിനവും വൈകീട്ട് 6 മണി മുതൽ പിറ്റേന്ന് രാവിലെ 5 വരെയുള്ള ഈ നിയന്ത്രണങ്ങൾ ഏപ്രിൽ 8 മുതൽ, വൈകീട്ട് 7 മണി മുതൽ പിറ്റേന്ന് രാവിലെ 5 വരെയാക്കി പുനഃക്രമീകരിക്കുന്നതിനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
കർഫ്യു നിയന്ത്രണങ്ങൾ സംബന്ധിച്ച് ഏപ്രിൽ 8 മുതൽ നടപ്പിലാക്കുന്നതിനായി കുവൈറ്റ് മന്ത്രിസഭാ യോഗത്തിൽ കൈകൊണ്ടിട്ടുള്ള മറ്റു തീരുമാനങ്ങൾ:
- റമദാൻ മാസത്തിൽ റെസ്റ്ററന്റുകൾ, കഫേകൾ, മറ്റു ഭക്ഷണശാലകൾ എന്നിവയ്ക്ക് ദിനവും വൈകീട്ട് 7 മണി മുതൽ പുലർച്ചെ 3 വരെ പാർസൽ സേവനങ്ങൾ നൽകുന്നതിനും അധികൃതർ അനുമതി നൽകിയിട്ടുണ്ട്.
- റമദാനിൽ ദിനവും വൈകീട്ട് 7 മുതൽ രാത്രി 10 വരെ വ്യായാമത്തിനായി പുറത്തിറങ്ങുന്നതിനും, വ്യായാമത്തിനായി കാൽനടയായി സഞ്ചരിക്കുന്നതിനും അനുമതി നൽകും. വാഹനങ്ങൾ ഉപയോഗിക്കാൻ അനുമതിയില്ല.
- മുൻകൂർ ബുക്കിങ്ങുകളോടെ ദിനവും വൈകീട്ട് 7 മുതൽ രാത്രി 12 മണി വരെ ഷോപ്പിംഗ് കേന്ദ്രങ്ങൾ, സൂപ്പർ മാർക്കറ്റുകൾ, കോ-ഓപ് സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ഷോപ്പിംഗ് അനുവദിക്കുന്നതാണ്.
- പ്രവാസികൾക്കുള്ള പ്രവേശന വിലക്ക് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരും