യാത്രാ വിലക്കുകൾ സംബന്ധിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ അറിയിപ്പ്

GCC News

ഇന്ത്യക്കാർക്ക് നേരിട്ട് കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നതിന് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള യാത്രാ വിലക്കുകളുമായി ബന്ധപ്പെട്ട്, കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിപ്പ് പുറത്തിറക്കി. രാജ്യത്തിനു പുറത്തുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് ഈ തീരുമാനവുമായി ബന്ധപ്പെട്ടും, കുവൈറ്റിലേക്ക് തിരികെ മടങ്ങുന്നതുമായി ബന്ധപ്പെട്ടുമുള്ള കൂടുതൽ വ്യക്തതകൾ നൽകുന്നതിനാണ് എംബസി ഈ അറിയിപ്പ് നൽകിയിരിക്കുന്നത്.

കുവൈറ്റ് ഏർപ്പെടുത്തിയിട്ടുള്ള യാത്രാ നിയന്ത്രണങ്ങൾ, നിലവിൽ ഇന്ത്യയിലുള്ള എല്ലാ സാധുതയുള്ള കുവൈറ്റ് റെസിഡൻസി വിസകളിലും, മറ്റു സാധുതയുള്ള വിസകളിലുമുള്ളവർക്കും ബാധകമാണെന്ന് എംബസി വ്യക്തമാക്കി. എന്നാൽ ഈ യാത്രാ നിയന്ത്രണങ്ങൾ നിലവിലെ രോഗവ്യാപന സാഹചര്യത്തിൽ താത്കാലികമായി ഏർപ്പെടുത്തിയവയാണെന്നും, കുവൈറ്റിലെ ഇതുമായി ബന്ധപ്പെട്ട അധികൃതർ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ഈ തീരുമാനങ്ങളിൽ മാറ്റങ്ങൾ വരുത്താവുന്നതാണെന്നും എംബസി കൂട്ടിച്ചേർത്തു.

കുവൈറ്റിലേക്കുള്ള യാത്രാ നിർദ്ദേശങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിന് എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://indembkwt.gov.in/index.php, എംബസിയുടെ മാധ്യമ അക്കൗണ്ടുകൾ, കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വെബ്സൈറ്റായ https://www.dgca.gov.kw/ എന്നിവ പിന്തുടരാനും എംബസി നിർദ്ദേശിച്ചിട്ടുണ്ട്.

ഇന്ത്യക്കാരുടെ കുവൈറ്റിലേക്കുള്ള മടങ്ങിവരവുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ:

  • നിലവിൽ കുവൈറ്റിന് പുറത്തുള്ള ഇന്ത്യക്കാരുടെ വർക്ക് പെർമിറ്റ്, തൊഴിൽ കരാറുകൾ എന്നിവ സമയബന്ധിതമായി പുതുക്കുന്നതിനായി, അവരവരുടെ തൊഴിലുടമകളുമായി ബന്ധപ്പെടേണ്ടതാണ്. കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഓഫ് മാൻപവറിലൂടെ തൊഴിലുടമകൾക്ക് ഈ രേഖകൾ പുതുക്കാവുന്നതാണ്.
  • നിലവിൽ ഇന്ത്യയിലുള്ള, പാസ്സ്‌പോർട്ട് കാലാവധി അവസാനിച്ച കുവൈറ്റിലെ വിസകൾ ഉള്ളവർ, പാസ്സ്‌പോർട്ട് പുതുക്കിയ ശേഷം, പുതിയ പാസ്സ്‌പോർട്ടിന്റെ വിവരങ്ങൾ തൊഴിലുടമകൾക്ക് നൽകേണ്ടതാണ്. വർക്ക് പെർമിറ്റ്, തൊഴിൽ കരാറുകൾ എന്നിവ പുതുക്കുന്നതിന് ഇത് ആവശ്യമാണ്.
  • നിലവിൽ വർക്ക് പെർമിറ്റ്, തൊഴിൽ കരാറുകൾ എന്നിവയുടെ കാലാവധി അവസാനിച്ചവർക്ക് കുവൈറ്റിലേക്ക് മടങ്ങുന്നതിനു പുതിയ വിസ നിർബന്ധമാണ്.

കൊറോണ വൈറസ് വ്യാപന സാധ്യത മുൻനിർത്തി, ഇന്ത്യ ഉൾപ്പടെ 31 രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് കുവൈറ്റിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി DGCA ഓഗസ്റ്റ് 1-നു അറിയിച്ചിരുന്നു. യാത്രാ വിലക്കേർപ്പെടുത്തിയിരിക്കുന്ന 31 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്, കുവൈറ്റ് യാത്രാ വിലക്കുകൾ ഏർപെടുത്തിയിട്ടില്ലാത്ത ഏതെങ്കിലും രാജ്യത്തേക്ക് ആദ്യം യാത്രചെയ്ത്, ആ രാജ്യങ്ങളിൽ 14 ദിവസം പൂർത്തിയായ ശേഷം COVID-19 PCR പരിശോധനകൾ നടത്തി കുവൈറ്റിലേക്ക് യാത്ര ചെയ്യാവുന്നതാണെന്ന് DGCA ഓഗസ്റ്റ് 3-നു അറിയിച്ചിരുന്നു.