രാജ്യത്തെ ഫുഡ് ഡെലിവറി സേവനങ്ങളുമായി ബന്ധപ്പെട്ട് കുവൈറ്റ് പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
റെസ്റ്ററന്റ്, ഭക്ഷണ വിതരണ സേവനങ്ങളുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള 2026-ലെ മന്ത്രിതല പ്രമേയം (10) കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ-അജിൽ ഔപചാരികമായി പുറത്തിറക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുവൈറ്റിലെ ഓൺലൈൻ റെഡിമെയ്ഡ് ഫുഡ് ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റുകൾക്കും, സ്ഥാപനങ്ങൾക്കും ബാധകമാക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ഈ ഉത്തരവിൽ പ്രതിപാദിപ്പിച്ചിട്ടുണ്ട്.
ഇതിലെ പ്രധാന വ്യവസ്ഥകൾ താഴെ പറയുന്നു:
- ഈ പ്രമേയത്തിലെ ആർട്ടിക്കിൾ 2 പ്രകാരം ഇലക്ട്രോണിക് ഫുഡ് ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമാകുന്നതാണ്.
- ഇത്തരം സ്ഥാപനങ്ങൾ അംഗീകൃത അന്താരാഷ്ട്ര വർഗ്ഗീകരണങ്ങൾക്ക് അനുസൃതമായി, ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ വഴിയുള്ള ഡെലിവറി സേവനങ്ങൾ ഉൾപ്പെടുത്തുന്ന രീതിയിൽ അവരുടെ ലൈസൻസ് പ്രവർത്തനം ഭേദഗതി ചെയ്യേണ്ടതാണ്.
- ഇത്തരം കമ്പനികൾ ഈ പുതിയ നിയന്ത്രണങ്ങൾ രണ്ട് മാസത്തിനകം നടപ്പിലാക്കേണ്ടതാണ്.
- സേവന ദാതാക്കളും ഉപഭോക്താക്കളും തമ്മിലുള്ള നിലവിലുള്ള കരാറുകളിലെ ഫീസുകൾ, കമ്മീഷനുകൾ, ചാർജുകൾ എന്നിവ 2026 അവസാനം വരെ ഒരു നിശ്ചിത പരമാവധി പരിധിയായി വർത്തിക്കുമെന്ന് ആർട്ടിക്കിൾ 3 വ്യവസ്ഥ ചെയ്യുന്നു. പുതിയ നിയന്ത്രണങ്ങൾ പ്രകാരം കക്ഷികൾക്ക് പരസ്പരം ഇളവുകൾ അംഗീകരിക്കാൻ അനുമതി നൽകുന്നതാണ്, എന്നിരുന്നാലും കരാറുകൾ അവയുടെ കാലാവധി വരെ നിയമപരമായി ബാധകമായിരിക്കും.
- ആർട്ടിക്കിൾ 4 പ്രകാരം എല്ലാ ലൈസൻസുള്ള കമ്പനികളും വ്യക്തികളും 2026-ലെ തീരുമാനം നമ്പർ (1) പ്രകാരം കോംപറ്റീഷൻ പ്രൊട്ടക്ഷൻ അതോറിറ്റി അംഗീകരിച്ച ഉപഭോക്തൃ ഡെലിവറി സേവന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്.
- ആർട്ടിക്കിൾ 5 പ്രകാരം, പ്രമേയം പുറപ്പെടുവിച്ച് ഒരു മാസത്തിനുള്ളിൽ കമ്പനികൾ അവരുടെ സേവന നിയന്ത്രണങ്ങൾ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് സമർപ്പിക്കണം.
- ആർട്ടിക്കിൾ 6 പ്രകാരം ഈ പ്രമേയം ഉടനടി പ്രാബല്യത്തിൽ വരുമെന്നും അതത് അധികാരപരിധിയിലുള്ള പ്രസക്തമായ അധികാരികൾ അത് നടപ്പിലാക്കുമെന്നും സ്ഥിരീകരിക്കുന്നു. ഈ പ്രമേയത്തിന് വിരുദ്ധമായ മുൻ വ്യവസ്ഥകൾ റദ്ദാക്കുകയും അത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതാണ്.

