കുവൈറ്റ്: വിദ്യാലയങ്ങളിൽ സാംസ്‌കാരിക പരിപാടികൾ പുനരാരംഭിക്കാൻ അനുമതി നൽകി

GCC News

രാജ്യത്തെ വിദ്യാലയങ്ങളിൽ സാംസ്‌കാരിക പരിപാടികൾ പുനരാരംഭിക്കാൻ അനുമതി നൽകിയതായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഡോ. അലി അൽ യാകൂബിനെ ഉദ്ധരിച്ച് കൊണ്ടാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ റിപ്പോർട്ട് പ്രകാരം, സ്വകാര്യ വിദ്യാലയങ്ങൾ ഉൾപ്പടെ മുഴുവൻ വിദ്യാലയങ്ങളിലും സാംസ്‌കാരിക പരിപാടികൾ പുനരാരംഭിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഡോ. അലി അൽ യാകൂബ് പുറത്തിറക്കിയ ഒരു ഔദ്യോഗിക അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കുട്ടികളുടെ വിവിധ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും, അവരുടെ പ്രതിഭാവൈശിഷ്ട്യം കണ്ടെത്തുന്നതിനും സാംസ്‌കാരിക പരിപാടികൾ പോലുള്ള പഠ്യേതര ചടങ്ങുകൾക്ക് വളരെയധികം പ്രാധാന്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ COVID-19 സാഹചര്യങ്ങൾ കണക്കിലെടുത്ത് കൊണ്ട് ഇത്തരം പരിപാടികൾ, സെമിനാറുകൾ, കായിക മത്സരങ്ങൾ തുടങ്ങിയവ ഈ അധ്യയന വർഷത്തിൽ സ്‌കൂളുകളിൽ സംഘടിപ്പിക്കുന്നതിന് കുവൈറ്റ് വിലക്കേർപ്പെടുത്തിയിരുന്നു.