കുവൈറ്റ്: മിഷരീഫിൽ പ്രവർത്തിച്ചിരുന്ന പ്രവാസികളുടെ ആരോഗ്യ പരിശോധനാ കേന്ദ്രം ശുവൈഖിലേക്ക് മാറ്റി

featured GCC News

മിഷരീഫ് എക്സിബിഷൻ ഗ്രൗണ്ടിൽ ഹാൾ നമ്പർ 8-ൽ പ്രവർത്തിച്ചിരുന്ന പ്രവാസികൾക്കായുള്ള മെഡിക്കൽ എക്‌സാമിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2023 ഫെബ്രുവരി 18-നാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം അറിയിച്ചത്.

ഈ കേന്ദ്രത്തിന്റെ പ്രവർത്തനം 2023 ഫെബ്രുവരി 16 മുതൽ നിർത്തലാക്കിയതായും, ഇവിടെ നിന്ന് പ്രവാസികൾക്കായി നൽകി വന്നിരുന്ന സേവനങ്ങൾ താത്കാലികമായി ശുവൈഖിലേക്ക് മാറ്റിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ശുവൈഖിലെ എക്സ്പാറ്റ് മെഡിക്കൽ എക്‌സാമിനേഷൻ സെന്ററിൽ നിന്നാണ് താത്കാലികമായി ഈ സേവനങ്ങൾ നൽകുന്നത്.

റുമൈതിയയിലെ ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ ഈ സേവനങ്ങൾ ശുവൈഖിൽ നിന്ന് റുമൈതിയയിലേക്ക് മാറ്റുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. റുമൈതിയയിലെ ലേബർ ഹെൽത്ത് സെന്റർ ആരംഭിക്കുന്ന തീയതി സംബന്ധിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം താമസിയാതെ സ്ഥിരീകരം നൽകുന്നതാണ്.