വിവിധ മേഖലകളിൽ സഹകരണം ഉറപ്പാക്കാൻ ഒമാനും കുവൈറ്റും തമ്മിൽ ധാരണയായി

featured GCC News

വിവിധ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിനും, ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും ഒമാനും, കുവൈറ്റും തമ്മിൽ ധാരണയായി. 2024 മെയ് 13-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ്, കുവൈറ്റ് ഭരണാധികാരി H.H. എമിർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഈ കരാറുകളിലും, ധാരണാപത്രങ്ങളിലും ഒപ്പ് വെച്ചത്. കുവൈറ്റ് ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ വെച്ചായിരുന്നു ഈ ചടങ്ങ്.

ഒമാൻ ഭരണാധികാരിയുടെ കുവൈറ്റിലേക്കുള്ള രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് ഈ കരാറുകൾ ഒപ്പ് വെച്ചിരിക്കുന്നത്. നേരിട്ടുള്ള നിക്ഷേപം, രാജ്യതന്ത്ര പഠനങ്ങൾ, പരിശീലനം തുടങ്ങിയ വിവിധ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനും, ഒമാൻ – കുവൈറ്റ് ബിസിനസ് ഫോറം ആരംഭിക്കുന്നതിനും ഈ കരാറുകളിൽ വ്യവസ്ഥ ചെയ്യുന്നു.

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് 2024 മെയ് 13-നാണ് കുവൈറ്റിലെത്തിയത്.