കുവൈറ്റ്: ഷെയ്ഖ് ജാബിർ പാലത്തിലെ പുതിയ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ഉദ്‌ഘാടനം ചെയ്തു

featured GCC News

കുവൈറ്റിലെ ഷെയ്ഖ് ജാബിർ അൽ അഹ്‌മദ്‌ അൽ സബാഹ് ക്രോസ്സ് വേയിലെ സൗത്ത് ഐലൻഡിൽ പുതിയ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ഉദ്‌ഘാടനം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാഹനങ്ങളിലെത്തുന്നവർക്ക് ഈ വാക്സിനേഷൻ സെന്ററിൽ നിന്ന് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാവുന്നതാണ്.

മെയ് 30-നാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഈ ഡ്രൈവ്-ത്രൂ വാക്സിനേഷൻ കേന്ദ്രം തുറന്നത്. കുവൈറ്റിലെ ഏറ്റവും വലിയ വാക്സിനേഷൻ കേന്ദ്രങ്ങളിലൊന്നാണിത്. മുപ്പതിനായിരം സ്‌ക്വയർ മീറ്ററിൽ ഒരുക്കിയിട്ടുള്ള ഈ കേന്ദ്രത്തിൽ 200-ൽ പരം ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട് ചെയ്തിട്ടുണ്ട്.

വാഹനങ്ങൾക്കായി 10 വരികളാണ് ഈ കേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്നത്. ആകെ 20 വാക്സിനേഷൻ ക്യാബിനുകൾ ഈ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഒരേ സമയം ഈ കേന്ദ്രത്തിൽ നിന്ന് 80 വാഹനങ്ങൾക്ക് സേവനങ്ങൾ നൽകാവുന്നതാണ്. വാക്സിനേഷൻ ബൂത്തുകൾക്ക് പുറമെ ക്ലിനിക്ക്, എമർജൻസി മുറികൾ തുടങ്ങിയവയും ഈ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.