കുവൈറ്റ്: വാക്സിനെടുത്ത പൗരന്മാർക്ക് ദിനവും 12 മണിക്കൂർ വീതം രാജ്യത്തിന്റെ കര, കടൽ അതിർത്തികളിലൂടെ സഞ്ചരിക്കാൻ അനുമതി നൽകി

featured GCC News

COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ള പൗരന്മാർക്ക് 2021 ജൂലൈ 1 മുതൽ ദിനവും 12 മണിക്കൂർ വീതം രാജ്യത്തിന്റെ കര, കടൽ അതിർത്തികളിലൂടെ സഞ്ചരിക്കാൻ അനുമതി നൽകിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വാക്സിനെടുത്ത കുവൈറ്റ് പൗരന്മാർ, അവരുടെ അടുത്ത ബന്ധുക്കൾ, അവരുടെ ഗാർഹിക ജീവനക്കാർ എന്നീ വിഭാഗങ്ങൾക്കാണ് ഈ അനുമതി നൽകിയിരിക്കുന്നത്.

2021 ജൂലൈ 1 മുതൽ ദിനവും ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 12 മണിവരെയാണ് ഇത്തരത്തിൽ കര, കടൽ അതിർത്തികൾ തുറന്ന് കൊടുക്കുന്നത്. കുവൈറ്റ് അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുള്ള കുവൈറ്റ് പൗരന്മാർ, അവരുടെ അടുത്ത ബന്ധുക്കൾ, അവരുടെ ഗാർഹിക ജീവനക്കാർ എന്നീ വിഭാഗങ്ങൾക്ക് ഇത്തരത്തിൽ യാത്രാനുമതി നൽകുന്നതിനായുള്ള കുവൈറ്റ് ക്യാബിനറ്റിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

അതേസമയം പ്രവാസികൾ ഉൾപ്പടെ, വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ മുഴുവൻ പേർക്കും 2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തിന്റെ കര, കടൽ അതിർത്തികൾ തുറന്ന് കൊടുക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിട്ടുണ്ട്.