രാജ്യത്തെ 60 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്നത് വിലക്കിയ തീരുമാനത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്നും, ഇത് സംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവ് പിൻവലിച്ചിട്ടില്ലെന്നും കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി. മാർച്ച് 24-ന് വൈകീട്ടാണ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ തീരുമാന പ്രകാരം, 2021 ജനുവരി 1 മുതൽ രാജ്യത്തെ പ്രീ-യൂണിവേഴ്സിറ്റി ഡിഗ്രി വരെ വിദ്യാഭ്യാസ യോഗ്യതയുള്ള 60 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകൾ കുവൈറ്റ് പുതുക്കി നൽകുന്നില്ല. വിദേശ തൊഴിലാളികളെ ജോലിക്കായി എടുക്കുന്നത് കുറയ്ക്കുന്നതിനായി നടപ്പിലാക്കിയ ഈ തീരുമാനത്തിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായുള്ള തരത്തിലുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിച്ച സാഹചര്യത്തിലാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഇത് സംബന്ധിച്ച് വ്യക്തത നൽകിയത്.
“ഈ തീരുമാനം 2021 ജനുവരി 1 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്നിട്ടുണ്ട്, ഇതിൽ വിട്ടുവീഴ്ച്ചകളോ, ഭേദഗതികളോ കൊണ്ടുവരുന്നത് സംബന്ധിച്ച് ഇതുവരെ ഒരു തീരുമാനവും ഉണ്ടായിട്ടില്ല.”, അധികൃതർ വ്യക്തമാക്കി. മറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു. രാജ്യത്തെ തൊഴിൽ നിയമങ്ങൾ സംബന്ധിച്ചുള്ള എല്ലാ ഔദ്യോഗിക തീരുമാനങ്ങളും പബ്ലിക് അതോറിറ്റി ഫോർ മാൻപവറാണ് കൈക്കൊള്ളുന്നതെന്നും, ഇത്തരം തീരുമാനങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും അധികൃതർ ജനങ്ങളെ ഓർമ്മപ്പെടുത്തി.