കുവൈറ്റ്: ആറ് മാസത്തിലധികമായി രാജ്യത്തിന് പുറത്ത് താമസിക്കുന്നവരുടെ റെസിഡൻസി വിസകൾ റദ്ദ് ചെയ്യും

GCC News

ആറ് മാസത്തിലധികമായി കുവൈറ്റിന് പുറത്ത് താമസിക്കുന്നവരുടെ റെസിഡൻസി വിസകൾ റദ്ദ് ചെയ്യാൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2022 ഒക്ടോബർ 24-ന് വൈകീട്ടാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ റെസിഡൻസി അഫയേഴ്‌സ് വകുപ്പ് നൽകിയ ഈ അറിയിപ്പ് പ്രകാരം ഈ തീരുമാനം താഴെ പറയുന്ന റെസിഡൻസി വിസകൾക്ക് ബാധകമാണ്:

  • ആർട്ടിക്കിൾ 17 – സർക്കാർ മേഖലയിലെ വിസ.
  • ആർട്ടിക്കിൾ 19 – പാർട്ട്ണേഴ്സ് വിസ.
  • ആർട്ടിക്കിൾ 22 – ഫാമിലി വിസ.
  • ആർട്ടിക്കിൾ 23 – സ്റ്റുഡന്റ് വിസ.
  • ആർട്ടിക്കിൾ 24 – സെൽഫ് സ്‌പോൺസർഷിപ്പ് വിസ.

2022 ഓഗസ്റ്റ് 1 മുതൽക്കാണ് ഈ ആറ് മാസത്തെ കാലാവധി കണക്കാക്കുന്നത്. ഇത് പ്രകാരം, മേല്പറഞ്ഞ വിസകളിലുള്ളവർ വിസ റദ്ദ് ആകുന്നത് ഒഴിവാക്കാൻ 2023 ജനുവരി 31-ന് മുൻപായി കുവൈറ്റിലേക്ക് തിരികെ പ്രവേശിക്കേണ്ടതാണ്.

ഈ കാലാവധി അവസാനിച്ച ശേഷവും വിദേശത്ത് തുടരുന്നവരുടെ റെസിഡൻസി സാധുത കുവൈറ്റിലെ പ്രവാസികളുടെ റെസിഡെൻസിയുമായി ബന്ധപ്പെട്ട നിയമത്തിലെ ആർട്ടിക്കിൾ 12 (പാരഗ്രാഫ് 3) പ്രകാരം സ്വയമേവ റദ്ദാകുന്നതാണ്. ആറ് മാസത്തിലധികമായി (2022 മെയ് മുതൽ) രാജ്യത്തിന് പുറത്തുള്ള സ്വകാര്യ മേഖലയിലെ റെസിഡൻസി വിസകളിലുള്ളവർക്ക് (ആർട്ടിക്കിൾ 18) തിരികെ മടങ്ങുന്നതിനുള്ള കാലാവധി 2022 ഒക്ടോബർ 31-ന് അവസാനിക്കുന്നതാണ്.