കുവൈറ്റ്: 31 രാജ്യങ്ങളിൽ നിന്നുള്ള വ്യോമയാന സേവനങ്ങൾക്കുള്ള വിലക്കുകൾ തുടരും

GCC News

ഇന്ത്യ ഉൾപ്പടെ 31 രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയ തീരുമാനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരാൻ കുവൈറ്റ് തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ രാജ്യങ്ങളുടെ പട്ടികയിൽ മാറ്റം വരുത്തുന്നതിന് കാബിനറ്റ് തയ്യാറായിട്ടില്ല എന്നാണ് ഔദ്യോഗിക സ്രോതസുകൾ ഉദ്ധരിച്ച് കൊണ്ട് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

വിലക്കേർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിലെ രോഗവ്യാപന സാധ്യത വിശകലനം ചെയ്ത ശേഷമാണ് ഈ നിയന്ത്രണങ്ങൾ തുടരാൻ കാബിനറ്റ് തീരുമാനിച്ചത്. ഓരോ രാജ്യങ്ങളിലെയും വൈറസ് വ്യാപന സാഹചര്യങ്ങൾ നിരന്തരമായി നിരീക്ഷിക്കുന്ന കുവൈറ്റിലെ ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട വകുപ്പുകളുടെ നിർദ്ദേശമനുസരിച്ച്, വിലക്കേർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ വരും ദിനങ്ങളിൽ കൂട്ടിച്ചേർക്കലുകൾക്കും, മാറ്റങ്ങൾക്കും സാധ്യതയുള്ളതായാണ് ലഭിക്കുന്ന സൂചനകൾ.

കൊറോണ വൈറസ് വ്യാപന സാധ്യത മുൻനിർത്തി, ഇന്ത്യ ഉൾപ്പടെ 31 രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് കുവൈറ്റിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഓഗസ്റ്റ് 1-നു അറിയിച്ചിരുന്നു.

DGCA അറിയിപ്പ് പ്രകാരം കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങൾ:

  • ഇന്ത്യ
  • ഇറാൻ
  • ചൈന
  • ബ്രസീൽ
  • കൊളംബിയ
  • അർമേനിയ
  • ബംഗ്ലാദേശ്
  • ഫിലിപ്പൈൻസ്
  • സിറിയ
  • സ്പെയിൻ
  • സിങ്കപ്പൂർ
  • ബോസ്നിയ ഹെർസഗോവിന
  • ശ്രീലങ്ക
  • നേപ്പാൾ
  • ഇറാഖ്
  • മെക്സിക്കോ
  • ഇന്തോനേഷ്യ
  • ചിലി
  • പാക്കിസ്ഥാൻ
  • ഈജിപ്ത്
  • ലെബനൻ
  • ഹോങ്കോങ് ഇറ്റലി
  • നോർത്തേൺ മാസിഡോണിയ
  • മൊൾഡോവ
  • പനാമ
  • പെറു
  • സെർബിയ
  • മോണ്ടിനെഗ്രോ
  • ഡൊമിനിക്കൻ റിപ്പബ്ലിക്ക്
  • കൊസോവോ

ഈ 31 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്, കുവൈറ്റ് യാത്രാ വിലക്കുകൾ ഏർപെടുത്തിയിട്ടില്ലാത്ത ഏതെങ്കിലും രാജ്യത്തേക്ക് ആദ്യം യാത്രചെയ്ത ശേഷം, ആ രാജ്യങ്ങളിൽ 14 ദിവസം പൂർത്തിയായ ശേഷം COVID-19 PCR പരിശോധനകൾ നടത്തി കുവൈറ്റിലേക്ക് യാത്ര ചെയ്യാവുന്നതാണെന്ന് DGCA ഓഗസ്റ്റ് 3-നു അറിയിച്ചിരുന്നു.

അതേ സമയം ഈ രാജ്യങ്ങളിൽ നിന്ന് മടങ്ങുന്ന കുവൈറ്റ് പൗരന്മാർ, മറ്റു രാജ്യങ്ങളിലെ പൗരമാരായിട്ടുള്ള കുവൈറ്റ് പൗരന്മാരുടെ ബന്ധുക്കൾ (അച്ഛൻ, അമ്മ, ഭർത്താവ്, ഭാര്യ, കുട്ടികൾ), കുവൈറ്റ് പൗരന്മാരുടെ വീട്ടുജോലിക്കാർ എന്നിവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവാദം നൽകിയിട്ടുണ്ടെന്ന് DGCA അറിയിച്ചിട്ടുണ്ട്. ഇവർക്ക് യാത്രയ്ക്ക് മുൻപ്, 72 മണിക്കൂറിനുള്ളിൽ ലഭിച്ച COVID-19 PCR പരിശോധനാ ഫലം ഉപയോഗിച്ച് യാത്രചെയ്യാവുന്നതാണ്.