അബുദാബി: വാക്സിനെടുത്തവർക്ക് മറ്റു എമിറേറ്റുകളിൽ നിന്ന് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിബന്ധനകളിൽ മാറ്റം വരുത്താൻ തീരുമാനം

featured GCC News

യു എ ഇയിലെ മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന, COVID-19 വാക്സിനേഷൻ സ്വീകരിച്ചിട്ടുള്ള വ്യക്തികൾക്ക് ബാധകമാക്കിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ 2021 ഓഗസ്റ്റ് 20, വെള്ളിയാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചു. അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

ഓഗസ്റ്റ് 19-ന് വൈകീട്ടാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. വാക്സിനെടുത്തിട്ടുള്ള പൗരന്മാർ, പ്രവാസികൾ, സന്ദർശകർ എന്നീ വിഭാഗങ്ങൾക്ക് മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിബന്ധനകളിലാണ് വെള്ളിയാഴ്ച്ച മുതൽ മാറ്റം വരുത്തുന്നത്.

ഈ അറിയിപ്പ് പ്രകാരം, താഴെ പറയുന്ന കാര്യങ്ങളാണ് വാക്സിനെടുത്തിട്ടുള്ളവരുടെ അബുദാബിയിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് കമ്മിറ്റി പ്രഖ്യാപിച്ചിട്ടുള്ളത്:

  • COVID-19 വാക്സിനെടുത്തിട്ടുള്ളവർക്കും (Alhosn ആപ്പിൽ E ചിഹ്നം നിർബന്ധം), വാക്സിൻ ക്ലിനിക്കൽ ട്രയലുകളിൽ പങ്കെടുത്തിട്ടുള്ളവർക്കും (Alhosn ആപ്പിൽ നക്ഷത്ര ചിഹ്നം നിർബന്ധം) ഗ്രീൻ പാസ് ഉപയോഗിച്ച് എമിറേറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്. ഒരു തവണ PCR ടെസ്റ്റ് നടത്തി നെഗറ്റീവ് റിസൾട്ട് ലഭിക്കുന്ന അവസരത്തിൽ ഏഴ് ദിവസത്തേക്ക് Alhosn ആപ്പിൽ E അല്ലെങ്കിൽ നക്ഷത്ര ചിഹ്നം പ്രയോഗക്ഷമമാകുന്നതാണ്.
  • Alhosn ആപ്പിൽ E അല്ലെങ്കിൽ നക്ഷത്ര ചിഹ്നം, ഗ്രീൻ പാസ് എന്നിവയുമായി എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്ക്, അബുദാബിയിൽ തുടരുന്ന അവസരത്തിൽ മറ്റു ടെസ്റ്റുകൾ ആവശ്യമില്ല.
  • വിദേശത്ത് നിന്നെത്തുന്നവർ അവർക്ക് ഏർപ്പെടുത്തിയിട്ടുള്ള മറ്റു നിബന്ധനകൾ പാലിക്കേണ്ടതാണ്.

അതേസമയം, വാക്സിനെടുക്കാത്തവർക്ക് മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിബന്ധനകളിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

2021 ജൂലൈ 19-ന് ഏർപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരം, വാക്സിനെടുക്കാത്തവർക്ക് 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 24 മണിക്കൂറിനിടയിൽ നേടിയ ലേസർ DPI നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവ ഉപയോഗിച്ച് അബുദാബിയിലേക്ക് പ്രവേശിക്കാവുന്നതാണ്. PCR റിസൾട്ട് ഉപയോഗിച്ച് അബുദാബിയിലേക്ക് പ്രവേശിക്കുന്നവർ എമിറേറ്റിൽ തുടരുന്ന സാഹചര്യത്തിൽ നാലാം ദിനത്തിലും, എട്ടാം ദിനത്തിലും PCR ടെസ്റ്റ് നടത്തേണ്ടതാണ്. DPI റിസൾട്ട് ഉപയോഗിക്കുന്നവർ മൂന്നാം ദിനത്തിലും, ഏഴാം ദിനത്തിലും PCR ടെസ്റ്റ് നടത്തേണ്ടതാണ്.

എമിറേറ്റിൽ നിലവിൽ നടന്ന് വരുന്ന ദേശീയ അണുനശീകരണ പ്രവർത്തനങ്ങൾ 2021 ഓഗസ്റ്റ് 19, വ്യാഴാഴ്ച്ച സമാപിക്കുമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

Cover Photo: Abu Dhabi Media Office.