കുവൈറ്റിലേക്ക് പ്രവേശിക്കുന്നവരിൽ COVID-19 വാക്സിനെടുത്തിട്ടുള്ളവർക്ക് ക്വാറന്റീൻ ഇളവുകൾ അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

featured GCC News

രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികരിൽ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളവർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഒഴിവാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് കുവൈറ്റ് സെന്റർ ഫോർ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ (CGC) അറിയിപ്പ് നൽകി. കുവൈറ്റ് സർക്കാർ അംഗീകരിച്ചിട്ടുള്ള വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ളവർക്കാണ് ഈ ഇളവുകൾ നൽകുന്നത്.

മാർച്ച് 22-ന് വൈകീട്ടാണ് CGC ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഭാഗിക കർഫ്യുവിന്റെ സമയക്രമത്തിൽ 2021 മാർച്ച് 23 മുതൽ മാറ്റങ്ങൾ വരുത്തുന്നതിനും, കർഫ്യു ഇളവുകൾ നൽകുന്നതിനും കുവൈറ്റ് സർക്കാർ ഇതോടൊപ്പം തീരുമാനിച്ചിട്ടുണ്ട്.

കുവൈറ്റിലേക്ക് പ്രവേശിക്കുന്ന താഴെ പറയുന്ന വിഭാഗം യാത്രികർക്കാണ് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നടപടികളിൽ ഇളവ് നൽകുന്നത്:

  • COVID-19 വാക്സിൻ രണ്ട് ഡോസ് കുത്തിവെപ്പ് സ്വീകരിച്ചവർ. രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ച് നിർബന്ധമായും രണ്ടാഴ്ച്ച പൂർത്തിയാക്കിയിരിക്കണം.
  • കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് അഞ്ചാഴ്‌ച്ച മുന്നേ ചുരുങ്ങിയത് ഒരു ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവർ.
  • കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് രണ്ടാഴ്ച്ച മുന്നേ ഒരു ഡോസ് കുത്തിവെപ്പ് സ്വീകരിച്ച COVID-19 രോഗബാധിതരായ ശേഷം പൂർണ്ണമായും രോഗമുക്തരായവർ.

മേൽപറഞ്ഞ വിഭാഗം യാത്രികർക്ക് നിർബന്ധിത ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നടപടികൾ ഒഴിവാക്കി നൽകുന്നതാണ്. എന്നാൽ ഇവർക്ക് 7 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാണ്.

ഇവർ കുവൈറ്റിലേക്ക് പ്രവേശിച്ച ശേഷം ഏഴാം ദിനം PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഈ ടെസ്റ്റിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക് ഹോം ക്വാറന്റീൻ കാലാവധി അവസാനിക്കുന്നതാണ്. നിലവിൽ വിദേശ പൗരമാർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള വിലക്കുകൾ തുടരുന്നതിനാൽ ഈ മാനദണ്ഡങ്ങൾ കുവൈറ്റ് പൗരന്മാർക്കും, അവരുടെ ഗാർഹിക ജീവനക്കാർക്കും മാത്രമാണ് ബാധകമാക്കിയിട്ടുള്ളത്.