വിദേശ പൗരന്മാർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരാൻ തീരുമാനിച്ചതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. ഫെബ്രുവരി 21, ഞായറാഴ്ച്ച പുലർച്ചെയാണ് DGCA ഇക്കാര്യം അറിയിച്ചത്.
ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ വിദേശികൾക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായും DGCA പുറത്തിറക്കിയ ഔഗ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുന്നു. കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സർവീസ് നടത്തുന്ന എല്ലാ വിമാനകമ്പനികൾക്കും DGCA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്.
2021 ഫെബ്രുവരി 7 മുതൽ രണ്ടാഴ്ച്ചത്തേക്ക് വിദേശ പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് കുവൈറ്റ് വിലക്കേർപ്പെടുത്തിയിരുന്നു. ഈ വിലക്കുകൾ ഫെബ്രുവരി 21-ന് പിൻവലിക്കുമെന്നാണ് DGCA നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ആരോഗ്യ വകുപ്പുകളുടെ നിർദ്ദേശത്തെ തുടർന്ന് വിലക്കുകൾ തുടരാൻ DGCA തീരുമാനിക്കുകയായിരുന്നു. രാജ്യത്തും, ആഗോളതലത്തിലുമുള്ള നിലവിലെ ആരോഗ്യ സാഹചര്യങ്ങൾ കണക്കിലെടുത്താണ് വിദേശികൾക്ക് രാജ്യത്തേക്ക് പ്രവേശനം വിലക്കിയിട്ടുള്ളത്.
പുതിയ അറിയിപ്പ് പ്രകാരം കുവൈറ്റ് പൗരന്മാർ, ഇവരുടെ അടുത്ത ബന്ധുക്കൾ, ഗാർഹിക ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങൾക്ക് മാത്രമാണ് കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇവർക്ക് 7 ദിവസം ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനും, തുടർന്ന് 7 ദിവസം ഹോം ക്വാറന്റീനും നിർബന്ധമാണ്. 2021 ഫെബ്രുവരി 21 മുതൽ ഉയർന്ന രോഗസാധ്യത നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുൾപ്പടെയുള്ള വിദേശ പൗരന്മാർക്ക് കർശനമായ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കുമെന്നാണ് DGCA നേരത്തെ പ്രഖ്യാപിച്ചിരുന്നത്.