കുവൈറ്റ്: ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21-ന് ആരംഭിക്കും

featured GCC News

കുവൈറ്റിൽ വെച്ച് നടക്കുന്ന ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21-ന് ആരംഭിക്കും. ടൂർണമെന്റ് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കുവൈറ്റിൽ നടക്കുന്ന തയ്യാറെടുപ്പുകൾ അറബ് ഗൾഫ് കപ്പ് എക്സിക്യൂട്ടീവ് ഓഫീസ് വിലയിരുത്തി.

ദോഹയിൽ വെച്ച് നടന്ന പ്രത്യേക യോഗത്തിലാണ് അറബ് ഗൾഫ് കപ്പ് എക്സിക്യൂട്ടീവ് ഓഫീസ് ഈ തയ്യാറെടുപ്പുകൾ സംബന്ധിച്ച ചർച്ചകൾ നടത്തിയത്. ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അറബ് ഗൾഫ് കപ്പ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡണ്ട് H.E. ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് അൽ താനിയുടെ നേതൃത്വത്തിലാണ് ഈ യോഗം നടന്നത്. 2024 ഡിസംബർ 21 മുതൽ 2025 ജനുവരി 3 വരെയാണ് ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് സംഘടിപ്പിക്കുന്നത്.

ആതിഥേയരായ കുവൈറ്റ്, നിലവിലെ അറേബ്യൻ ഗൾഫ് കപ്പ് ജേതാക്കളായ ഇറാഖ്, സൗദി അറേബ്യ, ഖത്തർ, ഒമാൻ, യു എ ഇ, ബഹ്‌റൈൻ, യെമൻ എന്നിങ്ങനെ എട്ട് ടീമുകളാണ് ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

ഇതിന് മുൻപ് നാല് തവണ കുവൈറ്റ് ഈ ടൂർണമെന്റിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.