കുവൈറ്റ്: കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് അംഗീകൃത ലാബുകളിൽ നിന്നുള്ള PCR റിസൾട്ട് നിർബന്ധമാക്കാൻ DGCA തീരുമാനിച്ചു

featured GCC News

രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് അംഗീകൃത ലാബുകളിൽ നിന്നുള്ള PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള തീരുമാനം കൂടുതൽ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്കും ബാധകമാക്കാൻ കുവൈറ്റ് DGCA തീരുമാനിച്ചു. ഇന്ത്യ ഉൾപ്പടെ 8 രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് ഹാജരാക്കുന്ന PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് അംഗീകൃത ലാബുകളിൽ നിന്നുള്ളതാണെന്ന് ഉറപ്പാക്കുന്ന മെഡിക്കൽ യൂട്ടിലിറ്റി നെറ്റ്‌വർക്ക് അക്രഡിറ്റർ (MUNA) പദ്ധതി 2021 മാർച്ച് 25 മുതൽ ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം കുവൈറ്റ് സിവിൽ ഏവിയേഷൻ പ്രഖ്യാപിച്ചിരുന്നു.

മാർച്ച് 16-ന് കുവൈറ്റ് DGCA പുറത്തിറക്കിയ അറിയിപ്പ് പ്രകാരം, മാർച്ച് 25 മുതൽ താഴെ പറയുന്ന 8 രാജ്യങ്ങളിൽ നിന്നുള്ള യാത്രികർ ഹാജരാക്കുന്ന PCR സർട്ടിഫിക്കറ്റുകൾ അംഗീകൃത ലാബുകളിൽ നിന്നുള്ളവയാണെന്ന് ഉറപ്പാക്കുന്നതിനായി MUNA പദ്ധതിയുമായി ബന്ധിപ്പിക്കുന്നതാണെന്നാണ് അറിയിച്ചിരുന്നത്.

  • ബഹ്‌റൈൻ
  • യു എ ഇ
  • തുർക്കി
  • ഇന്ത്യ
  • ഫിലിപ്പീൻസ്
  • ബംഗ്ലാദേശ്
  • ശ്രീലങ്ക
  • നേപ്പാൾ

ഇപ്പോൾ ഈ പദ്ധതിയുടെ കീഴിൽ കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള യാത്രികരെ ഉൾപ്പെടുത്താൻ കുവൈറ്റ് DGCA തീരുമാനിച്ചിട്ടുണ്ട്. മാർച്ച് 17, ബുധനാഴ്ച്ച വൈകീട്ട് കുവൈറ്റ് DGCA ഇത് സംബന്ധിച്ച് ഒന്നിലധികം ഉത്തരവുകൾ പുറത്തിറക്കിയിട്ടുണ്ട്.

മാർച്ച് 17-ന് പുറത്തിറക്കിയ ആദ്യ അറിയിപ്പ് പ്രകാരം മാർച്ച് 27 മുതൽ ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് MUNA പദ്ധതിയുടെ കീഴിലുള്ള PCR റിസൾട്ട് നിർബന്ധമാക്കിയിട്ടുണ്ട്.

മാർച്ച് 17-ന് പുറത്തിറക്കിയ രണ്ടാമത്തെ അറിയിപ്പ് പ്രകാരം മാർച്ച് 28 മുതൽ സൗദി അറേബ്യയിൽ നിന്നെത്തുന്ന യാത്രികർക്ക് MUNA പദ്ധതിയുടെ കീഴിലുള്ള PCR റിസൾട്ട് നിർബന്ധമാക്കിയിട്ടുണ്ട്. ഇതിന് പുറമെ ഈജിപ്ത്, യു കെ, ഫ്രാൻസ്, ജോർദാൻ, യു എസ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികർക്കും ഈ തീരുമാനം ബാധകമാക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള സൂചന.

വിദേശ യാത്രികർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്കുകൾ തുടരുമെന്നാണ് അറിയാൻ കഴിയുന്നത്. PCR പരിശോധനയോടെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്ന തീരുമാനം നിലവിൽ മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്നെത്തുന്ന കുവൈറ്റ് പൗരന്മാർ, അവരുടെ ബന്ധുക്കളായ വിദേശികൾ, ഗാർഹിക ജീവനക്കാർ എന്നിവർക്ക് മാത്രമാണ് ബാധകമാക്കിയിട്ടുള്ളത്.