മാസ്കുകൾ ധരിക്കാത്തവർക്കെതിരെ പിഴ ചുമത്തുന്നതിനുള്ള കരട് നിയമം കുവൈറ്റിലെ ക്യാബിനറ്റിൽ അവതരിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. പൊതു ഇടങ്ങളിൽ മാസ്കുകൾ ഉപയോഗിക്കുന്നതിലെ വീഴ്ചകളെ നിയമ ലംഘനമായി കണക്കാക്കുന്നതിനും, ഇത്തരം ലംഘനങ്ങൾക്ക് 50 മുതൽ 100 ദിനാർ വരെ പിഴ ചുമത്തുന്നതിനുമാണ് ഈ നിയമം ലക്ഷ്യമിടുന്നത്.
ക്യാബിനറ്റ് മന്ത്രിമാർ അവതരിപ്പിച്ച ഈ കരട് നിയമം നാഷണൽ അസംബ്ലിയിൽ വോട്ടിനിട്ട ശേഷമായിരിക്കും പ്രാബല്യത്തിൽ വരുന്നത്. ഇതിനു പുറമെ ജനത്തിരക്ക് ഒഴിവാക്കുന്നതിനായി മാളുകൾ, ഭക്ഷണശാലകൾ, കഫെ മുതലായ ഇടങ്ങളിലേക്കുള്ള പ്രവേശനം മുൻകൂർ അനുവാദം നേടിയ ശേഷം മാത്രമാക്കി നിയന്ത്രിക്കുന്നതിനുള്ള നിര്‍ദ്ദേശവും ക്യാബിനറ്റിൽ അവതരിപ്പിച്ചതായാണ് സൂചന.
അതേ സമയം, പൊതുസമൂഹത്തോട് ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ കുവൈറ്റ് സർക്കാർ മുന്നറിയിപ്പ് നൽകി. COVID-19 വ്യാപനം തുടരുന്നതിനാൽ നിതാന്ത ജാഗ്രത വേണമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി. സാമൂഹിക ഒത്തുചേരലുകൾ ഒരുകാരണവശാലും അനുവദിക്കില്ലെന്നും, ഇവ തടയുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.