2021 മെയ് 22 മുതൽ, കുവൈറ്റ് വിമാനത്താവളത്തിൽ നിന്ന് വ്യോമയാന സേവനങ്ങൾ നൽകുന്ന യാത്രികരുടെ എണ്ണം പ്രതിദിനം 5000 എന്ന രീതിയിലേക്ക് ഉയർത്തുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനു കീഴിലുള്ള എയർ ട്രാൻസ്‌പോർട്ട് വിഭാഗം ഡയറക്ടർ അബ്ദുല്ല അൽ രജ്‌ദിയെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
വേനൽക്കാലമാകുന്നതോടെ രാജ്യത്തെ വ്യോമയാന യാത്രികരുടെ എണ്ണത്തിൽ വരുന്ന വർദ്ധനവ് കണക്കിലെടുത്താണ് തീരുമാനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന COVID-19 എമർജൻസി കമ്മിറ്റി ഇക്കാര്യം അംഗീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
2021 ജനുവരി മാസം മുതൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം പ്രതിദിനം ആയിരം യാത്രികർക്ക് സേവനങ്ങൾ നൽകുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. ഈ പുതിയ തീരുമാനത്തോടെ മെയ് 22 മുതൽ പ്രതിദിനം 5000 യാത്രികർക്ക് സേവനങ്ങൾ നൽകുന്ന രീതിയിൽ എയർപോർട്ടിന്റെ പ്രവർത്തനം ക്രമീകരിക്കുന്നതാണ്. വിമാനത്താവളത്തിൽ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള മറ്റു ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികൾ ഉൾപ്പടെയുളള കുവൈറ്റ് പൗരന്മാരല്ലാത്തവർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. നിലവിൽ ഈ തീരുമാനത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്നും, കുവൈറ്റ് പൗരന്മാർ, അവരുടെ അടുത്ത ബന്ധുക്കൾ, അവരുടെ ഗാർഹിക ജീവനക്കാർ എന്നിവർക്ക് മാത്രമാണ് കുവൈറ്റിലേക്ക് പ്രവേശനം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രാ വിലക്കുകൾ ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ നിലവിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.