2022 ഫെബ്രുവരി 20 മുതൽ രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് അനുവദിക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2022 ഫെബ്രുവരി 14-ന് രാത്രിയാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ തീരുമാനത്തിന്റെ ഭാഗമായി രാജ്യത്തേക്ക് പ്രവേശിക്കുന്ന COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള യാത്രികർക്ക് (കുവൈറ്റ് അംഗീകരിച്ചിട്ടുള്ള വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് ഉൾപ്പടെ സ്വീകരിച്ചിട്ടുള്ളവർ, ബൂസ്റ്റർ ഒഴികെ രണ്ട് ഡോസ് കുത്തിവെപ്പ് സ്വീകരിച്ചവർ) യാത്ര പുറപ്പെടുന്നതിന് മുൻപ് ഏർപ്പെടുത്തിയിരുന്ന PCR ടെസ്റ്റ് ഫെബ്രുവരി 20 മുതൽ ഒഴിവാക്കുന്നതാണ്. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള (കുവൈറ്റ് അംഗീകരിച്ചിട്ടുള്ള വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് ഉൾപ്പടെ സ്വീകരിച്ചിട്ടുള്ളവർ) യാത്രികർക്ക് കുവൈറ്റിലെത്തിയ ശേഷം നിർബന്ധമാക്കിയിരുന്ന ഹോം ക്വാറന്റീൻ ഒഴിവാക്കാനും കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്.
വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത യാത്രികർക്ക് കുവൈറ്റിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് PCR ടെസ്റ്റ് നിർബന്ധമാണ്. ഇത്തരം യാത്രികർക്ക് കുവൈറ്റിലെത്തിയ ശേഷം ഒരാഴ്ച്ചത്തെ ഹോം ക്വാറന്റീൻ നിർബന്ധമാക്കിയിട്ടുള്ളത് തുടരുന്നതാണ്. ഇവർക്ക് ഏഴാം ദിവസം മറ്റൊരു PCR ടെസ്റ്റ് നടത്തിയ ശേഷം നെഗറ്റീവ് റിസൾട്ട് ലഭിക്കുന്ന സാഹചര്യത്തിൽ ക്വാറന്റീൻ അവസാനിപ്പിക്കാവുന്നതാണ്.
കുവൈറ്റ് സർക്കാർ വക്താവ് താരീഖ് അൽ മെസരേമിനെ ഉദ്ധരിച്ചാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ താഴെ പറയുന്ന തീരുമാനങ്ങളും കുവൈറ്റ് ക്യാബിനറ്റ് അറിയിച്ചിട്ടുണ്ട്:
- മാർച്ച് 13 മുതൽ രാജ്യത്തെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളുടെയും പ്രവർത്തനം സാധാരണ സമയക്രമത്തിലേക്ക് മടങ്ങുന്നതാണ്.
- ഫെബ്രുവരി 20 മുതൽ എല്ലാ തരത്തിലുള്ള സാമൂഹിക ഒത്ത് ചേരലുകൾക്കും, (ഇൻഡോർ, ഔട്ഡോർ വേദികളിൽ ഉൾപ്പടെ) സത്കാരങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്.
- ഫെബ്രുവരി 20 മുതൽ മീറ്റിംഗുകൾ, കോൺഫറൻസുകൾ എന്നിവ വ്യക്തികളുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെ നടത്തുന്നതിന് അനുമതി.
- പള്ളികൾ, പൊതുഗതാഗത സംവിധാനങ്ങൾ, സിനിമാശാലകൾ, തീയറ്ററുകൾ തുടങ്ങിയ ഇടങ്ങളിലെ സാമൂഹിക അകലം സംബന്ധിച്ച വ്യവസ്ഥകൾ ഒഴിവാക്കും.
- വാക്സിനെടുക്കാത്തവർക്ക് മാളുകളിലും, ഷോപ്പിംഗ് കേന്ദ്രങ്ങളിലും പ്രവേശിക്കുന്നതിന് അനുമതി.
- വിദ്യാലയങ്ങളിലെത്തുന്ന 16 വയസിന് താഴെ പ്രായമുള്ള വാക്സിനെടുക്കാത്ത വിദ്യാർത്ഥികൾക്ക് ആഴ്ച്ച തോറും നിർബന്ധമായിരുന്ന PCR പരിശോധന ഒഴിവാക്കും.
Cover Image: Kuwait News Agency.