കുവൈറ്റ്: ഈദ് ആദ്യ ദിനം മുതൽ ഭാഗിക കർഫ്യു പിൻവലിക്കാൻ തീരുമാനം

featured GCC News

രാജ്യത്ത് കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ ഈദുൽ ഫിത്ർ ആദ്യ ദിനം മുതൽ പിൻവലിക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു. മെയ് 10-ന് ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം.

ഈദുൽ ഫിത്ർ ആദ്യ ദിനം 1:00am മുതൽ ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ ഒഴിവാക്കുമെന്ന് കുവൈറ്റ് സർക്കാർ ഔദ്യോഗിക വക്താവ് താരീഖ് അൽ മെസ്‌രം വ്യക്തമാക്കി. കർഫ്യു നിയന്ത്രണങ്ങൾ പിൻവലിക്കുമെങ്കിലും, വാണിജ്യ സ്ഥാപനങ്ങൾ ദിനവും രാത്രി 8 മണിയോടെ അടയ്ക്കണമെന്നും, പുലർച്ചെ 5 മണി വരെ വാണിജ്യ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഫാർമസികൾ, സൂപ്പർ മാർക്കറ്റുകൾ, ആരോഗ്യ പരിചരണ കേന്ദ്രങ്ങൾ, റെസ്റ്ററന്റുകൾ, കഫെ തുടങ്ങിയ ഭക്ഷണശാലകളിൽ നിന്നുള്ള ഡെലിവറി സേവനങ്ങൾ മുതലായവയ്ക്ക് ഈ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ തീരുമാനം തുടരുന്നതാണ്. ഈദുൽ ഫിത്ർ ആദ്യ ദിനം മുതൽ രാജ്യത്തെ സിനിമാശാലകൾ തുറക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമാണ് സിനിമാശാലകളിലേക്ക് പ്രവേശനം അനുവദിക്കുന്നത്.

രാജ്യത്തെ COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുഴുവൻ യാത്രാ വിമാനങ്ങൾക്കും വിലക്കേർപ്പെടുത്താനും കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ടെന്ന് താരീഖ് അൽ മെസ്‌രം കൂട്ടിച്ചേർത്തു.