കുവൈറ്റ്: വിദ്യാലയങ്ങൾ 2021 സെപ്റ്റംബറിൽ തുറക്കും; നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു

featured GCC News

രാജ്യത്തെ വിദ്യാലയങ്ങൾ 2021 സെപ്റ്റംബറിൽ തുറക്കുന്നതിനുള്ള നടപടിക്രമങ്ങൾ സർക്കാർ പ്രഖ്യാപിച്ചതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. വിദ്യാലയങ്ങൾ തുറക്കുന്നതിനുള്ള നടപടികൾ സെപ്റ്റംബറിൽ ആരംഭിക്കാനിരിക്കുന്ന 2021-2022 അധ്യയന വർഷത്തിന്റെ തുടക്കത്തിൽ നടപ്പിലാക്കുന്ന രീതിയിലാണ് അധികൃതർ ലക്ഷ്യമിടുന്നത്.

കുവൈറ്റിലെ പൊതു മേഖലയിലെയും, സ്വകാര്യ മേഖലയിലെയും വിദ്യാലയങ്ങൾക്ക് ഈ നടപടിക്രമങ്ങൾ ഒരു പോലെ ബാധകമാക്കുന്നതാണ്. ഓരോ ഗ്രേഡുകളിലെ വിദ്യാർത്ഥികൾക്ക് വെവ്വേറെ തീയ്യതികളിൽ ക്‌ളാസുകൾ ആരംഭിക്കുന്ന രീതിയിലായിരിക്കും ഈ നടപടികൾ. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ കിന്റർഗാർട്ടനുകൾ തുറന്ന് പ്രവർത്തിക്കുന്നതാണ്.

ഒന്ന്, രണ്ട് ഗ്രേഡുകളിലെ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 19 മുതൽ ക്‌ളാസുകൾ ആരംഭിക്കുന്നതാണ്. മറ്റു പ്രാഥമിക ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 20 മുതൽക്കും, മിഡിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 29 മുതൽക്കും, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ഒക്ടോബർ 3 മുതലും അധ്യയനം ആരംഭിക്കുന്നതാണ്. വിദ്യാർത്ഥികളെ വിദ്യാലയങ്ങളിൽ പ്രവേശിപ്പിക്കുന്നതിന് ഒന്നോ, രണ്ടോ ആഴ്ച്ചകൾക്ക് മുൻപായി അധ്യാപകർക്ക് വിദ്യാലയങ്ങളിലേക്ക് പ്രവേശനം അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു.

കർശനമായ സുരക്ഷാ മുന്നൊരുക്കങ്ങളോടെയായിരിക്കും വിദ്യാലയങ്ങൾ തുറക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു. വിദ്യാർത്ഥികൾക്കിടയിലും, വിദ്യാർഥികൾ, അധ്യാപകർ എന്നിവർ തമ്മിലും രണ്ട് മീറ്ററെങ്കിലും സമൂഹ അകലം ഉറപ്പാക്കുന്നതിനുള്ള നടപടികൾ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നതാണ്.

ഈ വർഷത്തെ ഗ്രേഡ് 12-ലെ വിദ്യാർത്ഥികളുടെ പരീക്ഷകൾ വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്ന രീതിയിൽ നടത്തുന്നതിനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഗ്രേഡ് 12-ലെ വിദ്യാർത്ഥികൾക്ക് വാക്സിൻ കുത്തിവെപ്പ് നൽകുന്നതിന് മുൻഗണന നൽകാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. സ്‌കൂൾ ജീവനക്കാർക്ക് വാക്സിൻ നൽകുന്ന പ്രവർത്തനങ്ങൾ അടുത്ത ആഴ്ച്ച മുതൽ ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. പൊതു, സ്വകാര്യ വിദ്യാലയങ്ങളിലെ അധ്യാപകർ ഉൾപ്പടെയുള്ള ജീവനക്കാർക്ക് ഇതിന്റെ ഭാഗമായി വാക്സിൻ നൽകുന്നതാണ്.

രാജ്യത്തെ വിദ്യാലയങ്ങളിൽ ഈ വർഷം സെപ്റ്റംബറോടെ പടിപടിയായി വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കാൻ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം തയ്യാറെടുക്കുന്നതായി ഒരാഴ്ച്ച മുന്നേ വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് സൂചനകൾ ഉണ്ടായിരുന്നു. കൂടുതൽ പേരിലേക്ക് വാക്സിനേഷൻ പ്രവർത്തനങ്ങൾ എത്തുന്നതോടെ സെപ്റ്റംബറിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിലേക്ക് നേരിട്ട് പ്രവേശനം നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ബാസിൽ അൽ സബാഹ് നേരത്തെ അറിയിച്ചിരുന്നു.