2021 സെപ്റ്റംബർ 1 മുതൽ രാജ്യത്തെ സാമൂഹിക മേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു. ജൂലൈ 26, തിങ്കളാഴ്ച്ച ചേർന്ന കുവൈറ്റ് ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടതെന്ന് ക്യാബിനറ്റ് വക്താവ് താരീഖ് അൽ മെസരേം അറിയിച്ചു.
ഈ അറിയിപ്പ് പ്രകാരം, ഏതാനം പ്രവർത്തനങ്ങൾ ഒഴികെ സാമൂഹിക മേഖലയിലെ മറ്റെല്ലാ പ്രവർത്തനങ്ങളും 2021 സെപ്റ്റംബർ 1 മുതൽ പുനരാരംഭിക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. COVID-19 സുരക്ഷ മുൻനിർത്തി വലിയ രീതിയിലുള്ള എല്ലാ ഒത്ത് ചേരലുകൾക്കും ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരാനും ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ നിലവിലെ രോഗസാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് ക്യാബിനറ്റ് ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടത്.
ഒത്ത് ചേരലുകൾ, കോൺഫെറൻസുകൾ, വിവാഹ സത്കാരങ്ങൾ, സാമൂഹിക പരിപാടികൾ, സാമൂഹിക ആഘോഷങ്ങൾ, കുട്ടികളുടെ വേനൽക്കാല ക്യാമ്പുകൾ മുതലായവ ഒഴികെയുള്ള പ്രവർത്തങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. അനുമതി നൽകിയിട്ടുള്ള പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും അനുവാദം നൽകുക.
അതേസമയം, രാജ്യത്തെ വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണങ്ങൾ ജൂലൈ 27-ന് വൈകീട്ട് 8 മണിമുതൽ ഒഴിവാക്കാനും ഇതേ യോഗത്തിൽ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്.