കുവൈറ്റ്: 32 രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കുള്ള വിലക്കുകൾ നീക്കുന്നത് അടുത്ത ആഴ്ച തീരുമാനിക്കും

GCC News

ഇന്ത്യ ഉൾപ്പടെ 32 രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയ തീരുമാനം പിൻവലിക്കണോ എന്നത് അടുത്ത ആഴ്ച പരിശോധിക്കുമെന്ന് കുവൈറ്റ് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ വക്താവ് അറിയിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA), ആരോഗ്യ മന്ത്രാലയം എന്നിവർ സംയുക്തമായി ഓരോ ആഴ്‌ചയിലെയും സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം വിലക്കുകൾ സംബന്ധിച്ച് ആവശ്യമായ തീരുമാനം കൈക്കൊള്ളുന്നതാണെന്ന് ആഗസ്ത് പകുതിയിൽ കുവൈറ്റ് സർക്കാർ അറിയിച്ചിരുന്നു.

ഓരോ രാജ്യങ്ങളിലെയും സ്ഥിതിഗതികൾ വിശകലനം ചെയ്ത ശേഷം, വിലക്കുകളിൽ അധികൃതർ തീരുമാനം കൈക്കൊള്ളുന്നതാണ്. ഈ വിലക്കുകൾ പിൻവലിക്കുകയാണെങ്കിൽ, ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് ഏർപ്പെടുത്തേണ്ട ക്വാറന്റീൻ നിർദ്ദേശങ്ങൾ സംബന്ധിച്ചും ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ തീരുമാനിക്കുന്നതാണ്.

കൊറോണ വൈറസ് വ്യാപന സാധ്യത മുൻനിർത്തി, ഓഗസ്റ്റ് 1 മുതലാണ് ഇന്ത്യ ഉൾപ്പടെ 31 രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് കുവൈറ്റിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താൻ DGCA തീരുമാനിച്ചത്. ഓഗസ്റ്റ് 23 മുതൽ അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള വിമാനങ്ങൾക്കും കുവൈറ്റ് വിലക്കേർപ്പെടുത്തിയിരുന്നു.