രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഭാഗിക കർഫ്യുവിന്റെ സമയക്രമത്തിൽ 2021 മാർച്ച് 23 മുതൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി കുവൈറ്റ് സർക്കാർ ഔദ്യോഗിക വക്താവ് താരിഖ് അൽ മുസ്രിം അറിയിച്ചു. ഈ പുതിയ തീരുമാന പ്രകാരം, ചൊവ്വാഴ്ച്ച തൊട്ട് ദിനവും വൈകീട്ട് 6 മണി മുതൽ പിറ്റേന്ന് രാവിലെ 5 വരെയാണ് കർഫ്യു ഏർപ്പെടുത്തുന്നത്.
മാർച്ച് 22-ന് വൈകീട്ടാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. നേരത്തെ ദിനവും വൈകീട്ട് 5 മണിമുതൽ പിറ്റേന്ന് രാവിലെ 5 വരെയാണ് കർഫ്യു ഏർപ്പെടുത്തിയിരുന്നത്.
കർഫ്യു നിയന്ത്രണങ്ങളിൽ ഏതാനം ഇളവുകൾ അനുവദിക്കുന്നതിനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കർഫ്യു നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കാൻ വിവിധ മേഖലകളിൽ നിന്ന് അപേക്ഷകൾ ഉയർന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനം.
മാർച്ച് 23 മുതൽ താഴെ പറയുന്ന രീതിയിലാണ് ഭാഗിക കർഫ്യു നടപ്പിലാക്കുന്നത്:
- ദിനവും വൈകീട്ട് 6 മണിമുതൽ പിറ്റേന്ന് രാവിലെ 5 വരെയാണ് കർഫ്യു നിയന്ത്രണങ്ങളുടെ കാലാവധി.
- കർഫ്യു നിയന്ത്രണങ്ങളുടെ കാലയളവിൽ ദിനവും വൈകീട്ട് 6 മുതൽ രാത്രി 10 മണി വരെ റെസ്റ്ററന്റുകൾക്ക് ഡെലിവറി സേവനങ്ങൾ നൽകുന്നതിന് ഇളവ് അനുവദിച്ചിട്ടുണ്ട്.
- ദിനവും വൈകീട്ട് 6 മുതൽ രാത്രി 8 മണി വരെ പൊതുജനങ്ങൾക്ക് കാൽനടയായി സഞ്ചരിക്കുന്നതിന് ഇളവ് അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.
2021 മാർച്ച് 7, മുതലാണ് രാജ്യവ്യാപകമായി രാത്രികാല കർഫ്യു ഏർപ്പെടുത്താൻ കുവൈറ്റ് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് തീരുമാനിച്ചത്. രാജ്യത്തെ കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഇത്തരം ഒരു തീരുമാനം.