കുവൈറ്റ്: സമുദ്ര പരിസ്ഥിതി മലിനമാക്കുന്നവർക്ക് തടവും, കനത്ത പിഴയും ലഭിക്കുമെന്ന് മുന്നറിയിപ്പ്

featured GCC News

രാജ്യത്തെ സമുദ്ര പരിസ്ഥിതി മലിനമാക്കുന്നവർക്ക് തടവും, കനത്ത പിഴയും ലഭിക്കുമെന്ന് കുവൈറ്റ് അധികൃതർ മുന്നറിയിപ്പ് നൽകി. കുവൈറ്റ് എൻവിറോണ്മെന്റ് പബ്ലിക് അതോറിറ്റിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്ക് ആറ് മാസം വരെ തടവും, രണ്ട് ലക്ഷം ദിനാർ വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എണ്ണ, വിഷ ദ്രാവകങ്ങൾ, രാസമാലിന്യങ്ങൾ, രാസവസ്തുക്കൾ, മലിനജലം, അണുപ്രസരണമുള്ള വസ്തുക്കൾ, മറ്റു മാലിന്യങ്ങൾ എന്നിവ സമുദ്രത്തിലും മറ്റും തള്ളുന്നത് കുവൈറ്റ് കർശനമായി നിരോധിച്ചിട്ടുണ്ട്.

കുവൈറ്റിലെ സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. സമുദ്രജലം മനപ്പൂർവം മലിനമാക്കുന്നവർക്ക് കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.

രാജ്യത്തെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ ആർട്ടിക്കിൾ 68 പ്രകാരം സമുദ്ര പരിസ്ഥിതിയിലേക്ക് ദോഷകരമായ മാലിന്യങ്ങൾ തള്ളുന്നവർക്ക് (കാരണം, അളവ് എന്നിവ കണക്കിലെടുക്കാതെ) കനത്ത പിഴയും തടവും ശിക്ഷയായി ചുമത്തുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി.