അമ്പത്തിരണ്ടാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2022 നവംബർ 18-ന് രാത്രി മസ്കറ്റ്, ദോഫാർ ഗവർണറേറ്റുകളിൽ പ്രത്യേക ലേസർ, ഡ്രോൺ പ്രദർശനങ്ങൾ സംഘടിപ്പിച്ചു. മസ്‌കറ്റിലെ അമീറത് പാർക്കിലും, ദോഫാറിലെ സലാലയിലുമാണ് ഡ്രോൺ ഷോ സംഘടിപ്പിച്ചത്.
അൽ അമീറത് പാർക്കിൽ നടന്ന ലേസർ, ഡ്രോൺ പ്രദർശനങ്ങളുടെ ഭാഗമായി മാനത്ത് കണ്ണഞ്ചിപ്പിക്കുന്ന വിവിധ മായികകാഴ്ച്ചകൾ തെളിഞ്ഞു.

നിരവധി പേരാണ് ഈ പ്രദർശനം കാണുന്നതിനായെത്തിയത്.

നവംബർ 19-ന് രാത്രി 8 മണിക്ക് മസ്‌കറ്റിലെ ഖൗദ് ഡാം പ്രദേശത്തും ലേസർ, ഡ്രോൺ പ്രദർശനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

ദോഫാർ ഗവർണറേറ്റിൽ സലാലയിലെ സഹേൽ ഇത്തിനിൽ നടന്ന ലേസർ, ഡ്രോൺ പ്രദർശനത്തിലും നിരവധി പേർ പങ്കെടുത്തു.

രാജ്യത്തിന്റെ അമ്പത്തിരണ്ടാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നവംബർ 18 മുതൽ 21 വരെ മൂന്ന് ഗവർണറേറ്റുകളിൽ ലേസർ, ഡ്രോൺ ഷോകൾ സംഘടിപ്പിക്കുമെന്ന് ഒമാൻ സെക്രട്ടേറിയറ്റ് ജനറൽ ഫോർ നാഷണൽ സെലിബ്രേഷൻസ് (SGNC) നേരത്തെ അറിയിച്ചിരുന്നു.
അമ്പത്തിരണ്ടാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2022 നവംബർ 18-ന് ദോഫാർ ഗവർണറേറ്റിൽ നടന്ന മിലിറ്ററി പരേഡിന് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് നേതൃത്വം വഹിച്ചു.