ഇഹ്തിറാസ് ആപ്പിന്റെ പുതിയ പതിപ്പിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജൂൺ 2-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഇഹ്തിറാസ് ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കുന്നവർക്ക് ഹെൽത്ത് കാർഡ് നമ്പർ, അവസാനമായി COVID-19 പരിശോധ നടത്തിയ തീയതി, അവസാനമായി നടത്തിയ പരിശോധനയുടെ ഫലം മുതലായവ ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. രോഗമുക്തരായവരിൽ രോഗമുക്തി നേടിയ തീയതി, രോഗബാധ സ്ഥിരീകരിച്ച തീയതി, രോഗബാധ സ്ഥിരീകരിച്ച ശേഷമുള്ള ദിനങ്ങളുടെ എണ്ണം മുതലായ വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കെന്ന പോലെ രോഗമുക്തരായവർക്കും വിവിധ മേഖലകളിൽ പ്രവേശിക്കുന്നതിന് ഇളവ് ഉള്ളതിനാൽ രോഗമുക്തി സംബന്ധമായ വിവരങ്ങൾ ഇഹ്തിറാസ് ആപ്പിന്റെ പുതിയ പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഏറെ പ്രയോജനപ്രദമാണ്. ഇത്തരം ഇടങ്ങളിൽ രോഗമുക്തരാണെന്ന് തെളിയിക്കുന്നതിനായി ആപ്പിലെ ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
ഇതുവരെ COVID-19 പരിശോധനകൾ നടത്താത്തവരുടെ ഹെൽത്ത് കാർഡ് വിവരങ്ങൾ ആപ്പിൽ ലഭ്യമാകണമെന്നില്ല. ആപ്പിന്റെ പുതിയ പതിപ്പിലും വ്യക്തിയുടെ ആരോഗ്യ സ്റ്റാറ്റസ് QR കോഡ് ഉപയോഗിച്ച് തന്നെയാണ് വ്യക്തമാക്കുന്നത്. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരുടെ QR കോഡിന് ചുറ്റും സുവർണ്ണ നിറത്തിലുള്ള ഒരു ഫ്രെയിം തെളിയുന്നതാണ്.