സൗദി: COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ ഉദാസീനത രോഗവ്യാപനത്തിനിടയാക്കുന്നതായി ആഭ്യന്തര മന്ത്രാലയം

featured GCC News

പൊതുസമൂഹത്തിൽ പ്രകടമാകുന്ന COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ ഉദാസീനത, രോഗവ്യാപനത്തിനിടയാക്കുന്നതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്ത് പ്രകടമാകുന്ന രോഗബാധിതരുടെ എണ്ണത്തിലുള്ള വർദ്ധനവ് വിദ്യാലയങ്ങളിലെ അവധിക്കാലം മൂലമാണെന്നും, ഇത് പ്രതീക്ഷിച്ചിരുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ജനുവരി 24, ഞായറാഴ്ച്ച നടന്ന സംയുക്ത പത്രസമ്മേളനത്തിൽ സംസാരിച്ച് കൊണ്ട് ആഭ്യന്തര മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് ലെഫ്റ്റനന്റ് കേണൽ തലാൽ അൽ ഷൽഹൂബാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് നിലവിലുള്ള ആരോഗ്യ സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ അദ്ദേഹം പൊതുസമൂഹത്തോട് ആവർത്തിച്ച് ആവശ്യപ്പെട്ടു.

കഴിഞ്ഞ ഏതാനം ദിനങ്ങളിലായി രാജ്യത്ത് രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് അധികൃതർ ചൂണ്ടികാട്ടിയതാണെന്ന് അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിലെ ഒരു വിഭാഗം ആളുകൾ തുടരുന്ന അശ്രദ്ധയാണ് ഇതിന് കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. COVID-19 വ്യാപനം തടയുന്നതിനായുള്ള കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ രാജ്യത്ത് നിലവിലുണ്ടെങ്കിലും അത് പാലിക്കുന്നതിൽ സമൂഹം ഒറ്റകെട്ടായി പ്രവർത്തിക്കുന്നില്ലെന്നും, കൊറോണ വൈറസിനെ തുരത്തുന്നതിൽ കൂട്ടായ ഉത്തരവാദിത്വത്തോടെയുള്ള പ്രവർത്തനം പ്രധാനമാണെന്നും അദ്ദേഹം ജനങ്ങളെ ഓർമ്മപ്പെടുത്തി.

എന്നാൽ പൊതുസമൂഹത്തിൽ അനധികൃതമായുള്ള ഒത്ത് ചേരലുകളും, പരിധിയിൽ കവിഞ്ഞ അളവിൽ ആളുകൾ പങ്കെടുക്കുന്ന ആഘോഷങ്ങളും തുടരുന്നതായി അദ്ദേഹം അറിയിച്ചു. ഈ പ്രവണത സ്‌കൂൾ അവധിക്കാലത്ത് വർധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വകാര്യ ഇടങ്ങളിലുൾപ്പടെ 50 പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്ന ചടങ്ങുകൾ നിരോധിച്ചിട്ടുണ്ടെങ്കിലും, 2020 ഡിസംബർ പകുതി മുതൽ 2021 ജനുവരി പകുതി വരെയുള്ള കാലയളവിൽ ഇത്തരത്തിലുള്ള 84000-ത്തിൽ പരം നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി അദ്ദേഹം വ്യക്തമാക്കി.

ഇത്തരം ഒത്ത്ചേരലുകളും, ആളുകൾ കൂട്ടം കൂടുന്നതും തടഞ്ഞിട്ടുള്ളത് സമൂഹ നന്മയെ മുൻനിർത്തിയും, രോഗവ്യാപനം തടയുന്നതിനുമാണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. ഇത്തരം ഒത്ത് ചേരലുകളിൽ പങ്കെടുക്കാതിരിക്കുന്നതും, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ വീഴ്ച്ച കൂടാതെ പാലിക്കേണ്ടതും ഓരോ സൗദി നിവാസിയുടെയും ഉത്തരവാദിത്വമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം മുതലായ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.