സൗദി: ഓൺലൈൻ വാണിജ്യ സംരംഭങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി

GCC News

രാജ്യത്ത് ഓൺലൈൻ സംവിധാനങ്ങളിലൂടെ വാണിജ്യ സംരംഭങ്ങൾ നടത്തുന്നവർക്ക് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള ലൈസൻസ് നിർബന്ധമാണെന്ന് സൗദി അധികൃതർ ചൂണ്ടിക്കാട്ടി. സൗദി വാണിജ്യ മന്ത്രലായം, സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) എന്നിവരാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

https://twitter.com/MCgovSA/status/1514937458655383555

ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയിൽ നിയമപരമായി ഓൺലൈൻ സംവിധാനങ്ങളിലൂടെ വ്യാപാരം നടത്തുന്നതിന് ഇത്തരം സംരംഭങ്ങൾ താഴെ പറയുന്ന ഏതെങ്കിലും ഒരു രീതിയിലുള്ള ലൈസൻസ് നേടിയിരിക്കേണ്ടതാണ്:

  • സൗദി മിനിസ്ട്രി ഓഫ് കോമേഴ്‌സിൽ നിന്നുള്ള രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്.
  • സൗദി MHRSD-യുടെ കീഴിലെ ഫ്രീലാൻസ് പ്ലാറ്റഫോമിൽ നിന്ന് നേടിയിട്ടുള്ള ഫ്രീലാൻസ് ലൈസൻസ്.

ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി, ഇത്തരം സ്ഥാപനങ്ങൾക്ക് രാജ്യത്തെ ഇ-കോമേഴ്‌സ് നിയമങ്ങൾ പാലിച്ച് കൊണ്ട് മാത്രമേ പ്രവർത്തിക്കാൻ അനുമതി നൽകൂ എന്ന് ഇരു മന്ത്രാലയങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. സൗദിയിൽ ഇത്തരം ലൈസൻസ് ലഭിച്ചിട്ടുള്ള ഇ-കോമേഴ്‌സ് സ്ഥാപനങ്ങൾ തങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് താഴെ പറയുന്ന മാനദണ്‌ഡങ്ങൾ ഉറപ്പ് വരുത്തേണ്ടതാണ്:

  • ഉപഭോക്താക്കൾക്ക് ബന്ധപ്പെടുന്നതിനായി ഇത്തരം സ്ഥാപനങ്ങൾക്ക് ഒരു ഫോൺ നമ്പർ ഉണ്ടാകേണ്ടതാണ്.
  • ഇത്തരം സ്ഥാപനങ്ങൾക്ക് ഒരു ഇ-മെയിൽ സംവിധാനം ഉണ്ടായിരിക്കണം.
  • ഉപഭോക്താക്കൾക്കായി ഒരു ചാറ്റ് സംവിധാനം ഒരുക്കേണ്ടതാണ്.
  • ഔദ്യോഗിക ബാങ്കിങ്ങ് സംവിധാനങ്ങളിലൂടെയുള്ള ഇ-പേയ്മെന്റ് സേവനങ്ങൾ നൽകേണ്ടതാണ്.
  • ഉപഭോക്താക്കൾക്ക് തങ്ങളുടെ പരാതികൾ ഓൺലൈനിലൂടെ നൽകുന്നതിനുള്ള സേവനം ഉറപ്പ് വരുത്തേണ്ടതാണ്.
  • ഇത്തരം പരാതികൾ സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുന്നതിനുള്ള സംവിധാനം നൽകേണ്ടതാണ്.
  • പരാതികൾ പരിഹരിക്കുന്നതിന് ആവശ്യമാകുന്ന സമയപരിധി കൃത്യമായി വ്യക്തമാക്കിയിരിക്കണം.
  • ഓൺലൈനിലൂടെ ഒരു ഓർഡർ നൽകുന്ന ഉപഭോക്താവിനെ ഡെലിവറി ലഭിക്കുന്ന തീയതി സമയം എന്നിവ ഓർഡർ പൂർത്തിയാക്കുന്നതിന് മുൻപായി തന്നെ കൃത്യമായി അറിയിക്കേണ്ടതാണ്.
  • ഇത്തരം ഓൺലൈൻ വെബ്സൈറ്റുകളിൽ അറബിയിൽ പരാതികൾ നൽകുന്നതിനുള്ള സംവിധാനം ഉറപ്പാക്കേണ്ടതാണ്.
  • ഇത്തരം സ്ഥാപനങ്ങൾ തങ്ങളുടെ റിട്ടേൺ, റീഫണ്ട് പോളിസികൾ കൃത്യമായി വ്യക്തമാക്കേണ്ടതാണ്.