എട്ടാമത് ലിവ അജ്മാൻ ഈന്തപ്പഴ, തേൻ ഉത്സവം അജ്മാൻ കിരീടാവകാശിയും അജ്മാൻ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അജ്മാനിലെ എമിറേറ്റ്‌സ് ഹോസ്പിറ്റാലിറ്റി സെന്ററിലാണ് ഈ മേള സംഘടിപ്പിച്ചിരിക്കുന്നത്. ഭാവിതലമുറയ്‌ക്കായി രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിലും സമ്പന്നമാക്കുന്നതിലും അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ദർശനപരമായ അഭിലാഷങ്ങളെ പ്രതിനിധാനം ചെയ്യുന്നതാണ് ഈ മേളയെന്ന് ഉദ്ഘാടന വേളയിൽ അജ്മാൻ കിരീടാവകാശി പറഞ്ഞു.
കാർഷിക ഉൽപന്നങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുകയും, സമൂഹത്തിനുള്ളിൽ കാർഷിക സംസ്കാരം വളർത്തുകയും, ഭക്ഷ്യസുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുകയും, സുസ്ഥിര കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് എമിറാത്തി പൈതൃകത്തിന്റെയും വ്യക്തിത്വത്തിന്റെയും പദവി ശക്തിപ്പെടുത്തുന്നതിനുള്ള യു എ ഇ നേതൃത്വത്തിന്റെ നിർദ്ദേശങ്ങളുമായി ഫെസ്റ്റിവൽ ഒത്തുചേരുന്നുവെന്ന് ഷെയ്ഖ് അമ്മാർ ആവർത്തിച്ചു.
മേഖലയിലെ പ്രധാനപ്പെട്ട സാംസ്‌കാരിക, കാർഷിക മേളകളിലൊന്നാണ് ലിവ അജ്മാൻ ഈന്തപ്പഴ, തേൻ ഉത്സവം. പരമ്പരാഗത എമിറാത്തി സമ്പ്രദായങ്ങൾ, പാരമ്പര്യം എന്നിവ ഈ മേള എടുത്ത് കാട്ടുന്നു.
2023 ഓഗസ്റ്റ് 3 വരെ നടക്കുന്ന ഈ മേളയിൽ, ഈന്തപ്പന ഉടമകൾ, കർഷകർ, തേനീച്ച വളർത്തുന്നവർ, ഉൽപ്പാദനക്ഷമതയുള്ള കുടുംബങ്ങൾ, വിവിധ ഔദ്യോഗിക അധികാരികൾ എന്നിവരുൾപ്പെടെ 350-ലധികം പ്രദർശകരാണ് പങ്കെടുക്കുന്നത്.
മേളയുടെ ഔദ്യോഗിക ഉദ്ഘാടന വേളയിൽ, ഷെയ്ഖ് അമ്മാർ വിവിധ വിഭാഗങ്ങളിലും പ്രദർശനങ്ങളിലും പര്യടനം നടത്തി, കർഷകരുമായും തേൻ ഉത്പാദകരുമായും സംവദിക്കുകയും അവരുടെ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ച നേടുകയും ചെയ്തു. നടീൽ വിദ്യകൾ, മണ്ണ് പരിശോധന, ചികിത്സ, ശരിയായ തൈകളുടെ സ്ഥാനം, ജലസേചന സംവിധാനങ്ങൾ, മണ്ണ് വളപ്രയോഗം എന്നിവയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് അദ്ദേഹത്തിന് ഉദ്യോഗസ്ഥർ വിശദീകരണങ്ങൾ നൽകി.
ലിവ അജ്മാൻ ഡേറ്റ്, ഹണി ഫെസ്റ്റിവലിലേക്ക് ഓഗസ്റ്റ് 3 വരെ ദിവസവും രാവിലെ 11 മുതൽ രാത്രി 10 വരെ പ്രവേശനം അനുവദിക്കുന്നതാണ്.
WAM