അബുദാബി: ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ ഡിസംബർ 12-ന് ആരംഭിക്കും

featured GCC News

ഇത്തവണത്തെ ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ 2025 ഡിസംബർ 12-ന് ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

സാംസ്കാരിക പരിപാടികൾ, കുടുംബങ്ങൾക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാനാകുന്ന കലാപരിപാടികൾ, മോട്ടോർസ്പോർട്സ് തുടങ്ങിയവ ഒത്തൊരുമിപ്പിച്ചാണ് 23 ദിവസം നീണ്ട് നിൽക്കുന്ന ഇത്തവണത്തെ ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ ഒരുക്കുന്നത്.

‘ലിവ 2026’ എന്ന പേരിൽ നടക്കുന്ന ഇത്തവണത്തെ ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ 2025 ഡിസംബർ 12 മുതൽ 2026 ജനുവരി 3 വരെ നീണ്ട് നിൽക്കും. അൽ ദഫ്‌റയിലെ ലിവയിൽ വെച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

അൽ ദഫ്‌റ മേഖലയിൽ സ്ഥിതി ചെയ്യുന്ന യു എ ഇയിലെ തന്നെ ഏറ്റവും വലിയ മണൽക്കൂനയായ 300 മീറ്റർ ഉയരമുള്ള താൽ മോരീബിന്റെ താഴ്വരയിലാണ് ഈ ആഘോഷപരിപാടി ഒരുക്കുന്നത്. അബുദാബി കൾച്ചർ ആൻഡ് ടൂറിസം വകുപ്പ്, ലിവ സ്പോർട്സ് ക്ലബ്, അൽ ദഫ്‌റ മുനിസിപ്പാലിറ്റി, അബുദാബി പോലീസ്, അബുദാബി മീഡിയ നെറ്റ്‌വർക്ക്, മിരാൾ തുടങ്ങിയവർ ചേർന്നാണ് ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ നടത്തുന്നത്.

ഇത്തവണത്തെ ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ ഉദ്‌ഘാടനപരിപാടികളുടെ ഭാഗമായി യു എ ഇ എയർഫോഴ്‌സിന്റെ ഔദ്യോഗിക എയ്റോബാറ്റിക്സ് ടീമായ ഫൊർസാൻ അൽ ഇമാറത് അവതരിപ്പിക്കുന്ന വ്യോമാഭ്യാസപ്രകടനങ്ങൾ അരങ്ങേറുന്നതാണ്. ഇതോടൊപ്പം കരിമരുന്ന് പ്രദർശനങ്ങൾ, ലൈറ്റ് ഷോ, ഡ്രോൺ ഷോ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ 2026-ന്റെ ഭാഗമായി റേസുകൾ, ഡ്രിഫ്റ്റിംഗ്, ഡൂൺ ഡ്രൈവിംഗ് തുടങ്ങിയ മത്സരങ്ങൾക്കൊപ്പം തത്സമയമുള്ള വിനോദപരിപാടികൾ, സാംസ്കാരികക്കാഴ്ചകൾ തുടങ്ങിയവയും ഉണ്ടായിരിക്കും.