ഒമാൻ: ജനുവരി 5 വരെ മഴ തുടരാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം

Oman

രാജ്യത്ത് രൂപം കൊണ്ടിട്ടുള്ള ന്യൂനമർദ്ദം 2022 ജനുവരി 5, ബുധനാഴ്ച്ച വരെ തുടരാനിടയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. ജനുവരി 1-ന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഒമാൻ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

മുസന്ദം, നോർത്ത് അൽ ബത്തിന, സൗത്ത് അൽ ബത്തിന, മസ്കറ്റ്, അൽ ബുറൈമി, അൽ ദഹിരാ, അൽ ദഖ്‌ലിയ, സൗത്ത് അൽ ശർഖിയ, നോർത്ത് അൽ ശർഖിയ തുടങ്ങിയ ഗവർണറേറ്റുകളിൽ വരും ദിനങ്ങളിൽ അന്തരീക്ഷം മേഖാവൃതമായിരിക്കുമെന്നും, ഇടയ്ക്കിടെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായും ഈ അറിയിപ്പിൽ പറയുന്നു. ഈ ഇടങ്ങളിൽ മഴയോടൊപ്പം കാറ്റിനും, ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുണ്ട്. വാദികൾ പോലുള്ള ഇടങ്ങളിൽ പെട്ടന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതായും ഒമാൻ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

അടുത്ത രണ്ട് ദിവസം മുസന്ദം, നോർത്ത് അൽ ബത്തിന ഗവർണറേറ്റുകളിലും, അൽ ഹജാർ മലനിരകളിലും ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ മറ്റിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

ഒമാന്റെ തീരപ്രദേശങ്ങളിൽ കടലിൽ രണ്ട് മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്. ഇടിയോട് കൂടിയ ശക്തമായ മഴ ഉണ്ടാകുന്ന സമയങ്ങളിൽ മുസന്ദം ഗവർണറേറ്റിന്റെ തീരമേഖലകളിൽ കടൽ പ്രക്ഷുബ്ധമാകുന്നതിനും, മൂന്ന് മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

അതേസമയം, മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് വെള്ളപൊക്കം ഉണ്ടാകാനിടയുള്ള മേഖലകളിൽ നിന്ന് വിട്ട് നിൽക്കാനും, വാദികൾ മുറിച്ച് കടക്കുന്നത് ഒഴിവാക്കാനും റോയൽ ഒമാൻ പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി 1-നാണ് റോയൽ ഒമാൻ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രാജ്യത്ത് അനുഭവപ്പെട്ട കനത്ത മഴയിൽ വിവിധ ഗവർണറേറ്റുകളിലായി ആറ് പേർ മരണമടഞ്ഞതായി റോയൽ ഒമാൻ പോലീസ് കൂട്ടിച്ചേർത്തു. ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴയെത്തുടർന്ന് വെള്ളപൊക്കം അനുഭവപ്പെട്ടിരുന്നു.

Cover Image: Oman News Agency.