ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിനെത്തുന്ന ഫുട്ബാൾ ആരാധകർക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിന് ലുസൈൽ ബസ് സ്റ്റേഷൻ ഒരുങ്ങിയതായി ഖത്തർ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട് അറിയിച്ചു. 2022 സെപ്റ്റംബർ 11-നാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
പബ്ലിക് ഇൻഫ്രാസ്ട്രക്ച്ചർ പ്രോഗ്രാമിന് കീഴിൽ പണിതീർത്തിരിക്കുന്ന 8 ബസ് സ്റ്റേഷനുകളിൽ ഒന്നാണ് ലുസൈൽ ബസ് സ്റ്റേഷൻ. ലുസൈൽ മെട്രോ സ്റ്റേഷനു സമീപത്തുള്ള ഈ ബസ് സ്റ്റേഷൻ അൽ ഖോർ കോസ്റ്റൽ റോഡിലാണ് സ്ഥിതിചെയ്യുന്നത്.
ലോകകപ്പ് നടക്കുന്ന കാലയളവിൽ ഈ ബസ് സ്റ്റേഷനിൽ നിന്നുള്ള ബസ് സർവീസുകൾ ഉപയോഗിച്ച് ലുസൈൽ സ്റ്റേഡിയം, അൽ ബെത് സ്റ്റേഡിയം എന്നിവിടങ്ങളിലേക്ക് ആരാധകരെ എത്തിക്കുന്നതിന് സാധിക്കുന്നതാണ്. ദോഹ മെട്രോ, മെട്രോലിങ്ക്, ലുസൈൽ ട്രാം, ബസ് റാപിഡ് ട്രാൻസിറ്റ്, പാർക്ക് ആൻഡ് റൈഡ് മുതലായ പൊതുഗതാഗത സംവിധാനങ്ങളുമായി ഈ ബസ് സ്റ്റേഷനെ ബന്ധിപ്പിച്ചിട്ടുണ്ട്.
39708 സ്‌ക്വയർ മീറ്റർ വിസ്തൃതിയുള്ള ഈ ബസ് സ്റ്റേഷനിൽ ഒമ്പത് ബസ് പാർക്കിംഗ് ഇടങ്ങളുണ്ട്. ഓരോ മണിക്കൂറിലും 40 ബസുകളുടെ സേവനം നൽകാവുന്ന രീതിയിൽ പണിതീർത്തിരിക്കുന്ന ഈ ബസ് സ്റ്റേഷനിൽ നിന്ന് പ്രതിദിനം പതിനായിരം യാത്രികർക്ക് സേവനം ഉറപ്പ് വരുത്തുന്നു.