ലുസൈലിൽ പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് ബൂസ്റ്റർ ഡോസ് വാക്സിൻ കുത്തിവെപ്പുകൾ, PCR ടെസ്റ്റിംഗ് സേവനങ്ങൾ എന്നിവ ലഭ്യമാക്കുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 2022 ജനുവരി 25-ന് രാത്രിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
2022 ജനുവരി 26 മുതൽക്കാണ് ലുസൈലിലെ COVID-19 ഡ്രൈവ്-ത്രൂ കേന്ദ്രത്തിൽ നിന്ന് ഈ സേവനങ്ങൾ ലഭ്യമാക്കുന്നത്. പത്ത് വരികളുള്ള ഈ ഡ്രൈവ്-ത്രൂ സേവനകേന്ദ്രത്തിലെ ആറ് വരികൾ ജനുവരി 26 മുതൽ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നതിനായി ഉപയോഗിക്കുന്നതാണ്. ബാക്കിയുള്ള നാല് വരികൾ PCR ടെസ്റ്റിംഗ് സേവനങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്.
മുൻകൂർ അനുമതി ലഭിച്ചിട്ടുള്ള വ്യക്തികൾക്ക് മാത്രമാണ് ഈ കേന്ദ്രത്തിൽ നിന്ന് ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകൾ നൽകുന്നതെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രാവിലെ 8 മുതൽ രാത്രി 10 വരെയാണ് ഈ സേവനങ്ങൾ നൽകുന്നത്. ഈ കേന്ദ്രത്തിൽ നിന്ന് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭിക്കുന്നതിന് അർഹതയുളളവർക്ക് ഇക്കാര്യം അറിയിച്ച് കൊണ്ടുള്ള ഒരു SMS സന്ദേശം ലഭിക്കുന്നതാണ്.