രാജ്യത്തെ പള്ളികളിലും, മറ്റു പൊതു ഇടങ്ങളിലും വലിയ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരുമെന്ന് ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു. റമദാനിലെ മുൻകരുതൽ നടപടികളുമായി ബന്ധപ്പെട്ട് 2022 മാർച്ച് 29-ന് വൈകീട്ട് ഒമാൻ സുപ്രീം കമ്മിറ്റി പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഈ അറിയിപ്പ് പ്രകാരം ഒമാനിൽ പള്ളികളിലും, ടെന്റുകളിലും വെച്ച് നടത്തുന്ന ആൾക്കൂട്ടം ഉണ്ടാകാനിടയുള്ള ഇഫ്താർ വിരുന്നുകൾക്ക് ഈ വർഷവും അനുമതി ഉണ്ടായിരിക്കുന്നതല്ല. ഇതിന് പുറമെ താഴെ പറയുന്ന നിർദ്ദേശങ്ങളും സുപ്രീം കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുണ്ട്:
- തറാവീഹ് നമസ്കാരത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുന്നതാണ്. തറാവീഹ് നമസ്കാരത്തിനെത്തുന്നവർ COVID-19 വാക്സിനെടുത്തിരിക്കണം. ഈ നിബന്ധന ഏർപ്പെടുത്തിയതോടെ വാക്സിനെടുക്കാത്തവർക്കും, 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കും തറാവീഹ് നമസ്കാരത്തിനായി പള്ളികളിൽ പ്രവേശിക്കാൻ അനുമതി ഉണ്ടായിരിക്കില്ല.
- പ്രാദേശിക, അന്തർദേശീയ തലത്തിൽ ഒമാനിൽ സംഘടിപ്പിക്കുന്ന പരിപാടികൾ, പ്രദർശനങ്ങൾ, സമ്മേളനങ്ങൾ തുടങ്ങിയവ 70 ശതമാനം ശേഷിയിൽ നിയന്ത്രിച്ചിരിക്കുന്നത് തുടരും.
- ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർ ഒത്ത് ചേർന്നുള്ള പ്രാർത്ഥനകൾ, മറ്റു ഒത്ത് ചേരലുകൾ എന്നിവ ഒഴിവാക്കേണ്ടതാണ്.
ഈ വർഷത്തെ റമദാനിൽ രാജ്യത്തെ പള്ളികളിൽ തറാവീഹ് നമസ്കാരത്തിന് അനുമതി നൽകിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഔകാഫ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.