ഖത്തർ: യാത്രാ വേളകളിൽ കാറുകളിൽ 4 പേരിൽ കൂടുതൽ പാടില്ല; മാസ്കുകൾ നിർബന്ധം

Qatar

രാജ്യത്തെ നിലവിലുള്ള കൊറോണ വൈറസ് പ്രതിരോധ നിർദ്ദേശങ്ങളുടെ ഭാഗമായി, യാത്രാ വേളകളിൽ പൊതു ഇടങ്ങളിലും മറ്റും നിർബന്ധമായും മാസ്കുകൾ ധരിക്കാൻ ഖത്തറിലെ ആഭ്യന്തര മന്ത്രാലയം പൗരന്മാരെയും, നിവാസികളെയും ഓർമ്മപ്പെടുത്തി. യാത്ര ചെയ്യുന്ന അവസരത്തിൽ കാറുകളിൽ ഡ്രൈവർ ഉൾപ്പടെ നാലു പേരിൽ കൂടുതൽ പാടില്ലെന്നും മന്ത്രാലയം അറിയിച്ചു. കുടുംബങ്ങൾ യാത്രചെയ്യുന്ന വാഹനങ്ങൾക്ക് മാത്രം ഈ നിയമത്തിൽ ഇളവ് നൽകിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

വാക്സിൻ ലഭ്യമാകുന്നത് വരെ ജനങ്ങളോട് ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ അധികൃതർ ആഹ്വാനം ചെയ്തു. ജനങ്ങൾ സമൂഹ അകലം ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ പാലിക്കാത്ത ഘട്ടങ്ങളിൽ രോഗവ്യാപനത്തിന്റെ തോത് വർദ്ധിക്കുന്നത് ജാഗ്രത തുടരേണ്ടതിന്റെ സൂചനയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.