ഫുട്ബാൾ ആരാധകർക്ക് ചരിത്രപ്രാധാന്യമുള്ള സൗദി ഗോളുകൾ അടുത്തറിയുന്നതിനായി അവസരം നൽകുന്ന ഒരു പ്രത്യേക പ്രദർശനം ദോഹ കോർണിഷിലെ സൗദി ഹോം സോണിൽ ആരംഭിച്ചു. സൗദി ഹോം സോണിൽ ഒരുക്കിയിരിക്കുന്ന ഗ്രീൻ ഫാൽക്കൻസ് മ്യൂസിയത്തിലാണ് ഈ പ്രദർശനം.
സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ലോകകപ്പ് ഉൾപ്പടെയുള്ള മത്സരങ്ങളിൽ സൗദി കളിക്കാർ നേടിയിട്ടുള്ള ചരിത്രപ്രാധാന്യമുള്ള ഗോളുകൾ ഈ പ്രദർശനത്തിൽ കാണാവുന്നതാണ്.
വേൾഡ് കപ്പ്, ഏഷ്യ കപ്പ് തുടങ്ങിയ ടൂർണമെന്റുകളിൽ സൗദി കളിക്കാർ നേടിയിട്ടുള്ള പ്രധാന ഗോളുകളുടെ – 11 ലോകകപ്പ് ഗോളുകൾ ഉൾപ്പടെ – ഓർമ്മ പുതുക്കുന്നതിനായാണ് ഈ പ്രദർശനം.
ഇതോടൊപ്പം പ്രശസ്തരായ സൗദി ഫുട്ബാൾ കളിക്കാരെ കുറിച്ച് അറിയുന്നതിനും, സന്ദർശകർക്ക് ഖത്തർ ലോകകപ്പിൽ കളിക്കുന്ന സൗദി നാഷണൽ ടീമിലെ കളിക്കാർക്കൊപ്പം വിർച്വൽ ഫോട്ടോകൾ എടുക്കുന്നതിനും ഈ പ്രദർശനം അവസരമൊരുക്കുന്നു.
1984, 1988, 1996 എന്നീ വർഷങ്ങളിൽ സൗദി അറേബ്യ ഏഷ്യ കപ്പ് ടൂർണമെന്റ് ജേതാക്കളായപ്പോൾ ഉപയോഗിച്ചിരുന്ന പന്തുകളും ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദിനവും ഉച്ചയ്ക്ക് 12 മണിമുതൽ രാത്രി 12 മണിവരെ ആരാധകർക്ക് ഈ പ്രദർശനം സന്ദർശിക്കാവുന്നതാണ്.
Cover Image: Saudi Press Agency.