വിവിധ തരം ഉല്‍ക്കാശിലകളുടെ ഒരു പ്രദർശനം ദോഫാർ ഗവർണറേറ്റിൽ ആരംഭിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. 2022 ജൂലൈ 19-നാണ് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം ഇക്കാര്യം അറിയിച്ചത്.
ദോഫാർ ഗവർണറേറ്റിലെ മ്യൂസിയം ഓഫ് ദി ഫ്രാങ്കിൻസെൻസ് ലാൻഡിലാണ് ഉല്‍ക്കാശിലകളുടെ പ്രദർശനം പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തിരിക്കുന്നത്. ഈ പ്രദർശനം 2022 സെപ്റ്റംബർ 18 വരെ നീണ്ട് നിൽക്കും.

ഒമാനിൽ ആദ്യമായാണ് ഇത്തരം ഒരു പ്രദർശനം സംഘടിപ്പിക്കുന്നത്. 2002-ൽ ലഭിച്ച വളരെ അപൂര്‍വ്വമായ ലൂണാർ ഉല്‍ക്കാശില, ചൊവ്വാഗ്രഹത്തിൽ നിന്നുള്ള ഉല്‍ക്കാശില, ഇരുമ്പ് ഉല്‍ക്കാശില തുടങ്ങിയവ ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഒമാനിൽ ഇത്തരം ഉല്‍ക്കാശിലകൾ കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും ഈ പ്രദർശനത്തിന്റെ ഭാഗമാണ്. ടൂറിസം അണ്ടർസെക്രട്ടറി അസാൻ ഖാസിം അൽ ബുസൈദി ഈ പ്രദർശനത്തിന്റെ ഉദ്ഘാടന ചടങ്ങിന് നേതൃത്വം നൽകി.

ഒമാനിൽ കണ്ടെത്തിയിട്ടുള്ള ഉല്‍ക്കാശിലകളുടെ വിവരങ്ങളടങ്ങിയ ‘Meteorites in Oman’ എന്ന ഒരു ലഘുലേഖ ഈ പ്രദർശനത്തിന്റെ ഭാഗമായി പ്രകാശനം ചെയ്തു.
Cover Image: Oman News Agency.