ബഹ്‌റൈൻ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും

featured GCC News

ബഹ്‌റൈനിലെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2021 ജൂലൈ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള ഏർപ്പെടുത്തും. രാജ്യത്തെ തൊഴിൽ മേഖലയിൽ ജൂലൈ 1 മുതൽ ഓഗസ്റ്റ് അവസാനം വരെ ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ലേബർ ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് മിനിസ്ട്രി അറിയിച്ചു.

ജൂൺ 19-നാണ് ബഹ്‌റൈൻ ലേബർ ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് മിനിസ്ട്രി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. വേനലിലെ കൊടും ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതൾ മുൻനിർത്തിയുമാണ് ഉച്ച മുതൽ വൈകീട്ട് 4 മണിവരെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ എല്ലാ വർഷവും ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

ഈ നിബന്ധനകൾ നടപ്പാക്കുന്നതിനായി തൊഴിലുടമകളുടെ ഇടയിലും, തൊഴിലാളികളുടെ ഇടയിലും തൊഴിൽമന്ത്രാലയം ബോധവത്കരണ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. ബഹ്‌റൈനിലെ ഭരണപരമായ നിയമങ്ങൾ അനുസരിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പുറം തൊഴിലിടങ്ങളിൽ, മദ്ധ്യാഹ്ന വേളയിലെ പ്രവർത്തനങ്ങൾ വിലക്കിയിട്ടുണ്ട്.

ഈ നിർദ്ദേശം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ നിയമ പ്രകാരം മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് 500 മുതൽ 1000 ബഹ്‌റൈൻ ദിനാർ വരെ പിഴയും, 3 മാസം വരെ തടവും ലഭിക്കാവുന്നതാണ്.

Cover Image: Bahrain News Agency.