യു എ ഇ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള 2022 ജൂൺ 15 മുതൽ ആരംഭിക്കുമെന്ന് MoHRE

featured GCC News

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2022 ജൂൺ 15 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള പ്രാബല്യത്തിൽ വരുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറാറ്റൈസേഷൻ (MoHRE) അറിയിച്ചു. 2022 ജൂൺ 8-ന് വൈകീട്ടാണ് MoHRE ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

കെട്ടിടനിർമ്മാണമേഖലയുൾപ്പടെയുള്ള പുറം തൊഴിലിടങ്ങളിലെ തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന ഈ ഇടവേള 2022 ജൂൺ 15 മുതൽ 2022 സെപ്റ്റംബർ 15 വരെ നീണ്ട് നിൽക്കുന്നതാണ്. ഈ കാലയളവിൽ യു എ ഇയിൽ നേരിട്ട് സൂര്യപ്രകാശത്തിന് കീഴിൽ വരുന്ന തൊഴിലിടങ്ങളിൽ ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 3 മണിവരെ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടതാണ്.

തൊഴിൽപരമായ ആരോഗ്യത്തിനും സുരക്ഷയ്ക്കുമായി മന്ത്രാലയം കൈക്കൊള്ളുന്ന നയങ്ങളുടെ ഭാഗമായാണ് തുടർച്ചയായി പതിനെട്ടാം വർഷവും പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള രാജ്യത്ത് നടപ്പിലാക്കുന്നതെന്ന് MoHRE-യിലെ ഇൻസ്പെക്ഷൻ അഫയേഴ്‌സ് ആക്ടിംഗ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മൊഹ്‌സെൻ അൽ നാസി വ്യക്തമാക്കിയതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും, വേനൽക്കാലത്ത് ഉയർന്ന താപനിലയിൽ അവർക്ക് ഏൽക്കാനിടയുള്ള അപകടസാധ്യതകൾ ഒഴിവാക്കുന്നതിനുമാണ് മദ്ധ്യാഹ്ന ഇടവേള ലക്ഷ്യമിടുന്നത്.

മദ്ധ്യാഹ്ന ഇടവേള സമയങ്ങളിലുള്ള വീഴ്ചകൾ, പൊതുജനങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന 600590000 എന്ന ടോൾ ഫ്രീ നമ്പറിൽ (തിങ്കൾ മുതൽ ശനി വരെ – രാവിലെ 8:00 മുതൽ രാത്രി 8:00 വരെ. വിവിധ ഭാഷകളിൽ റിപ്പോർട്ടുകൾ സ്വീകരിക്കുന്നതാണ്.) അധികൃതരുമായി പങ്കുവെക്കാവുന്നതാണ്. ഇത്തരം പരാതികളിൽ ഉടൻ തന്നെ പരിശോധനകൾ നടപ്പിലാക്കി, ആവശ്യമായ നടപടികൾ കൈക്കൊളുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ജോലി തടസ്സമില്ലാതെ തുടരേണ്ട സാങ്കേതിക കാരണങ്ങളാൽ ചില ജോലികളെ ഉച്ചയ്ക്ക് ശേഷമുള്ള ഈ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജലവിതരണ ലൈനുകൾ, മലിനജല ലൈനുകൾ, വൈദ്യുത ലൈനുകൾ, ഗ്യാസ് അല്ലെങ്കിൽ ഓയിൽ പൈപ്പ് ലൈനുകൾ എന്നിവയുമായി ബന്ധപ്പെട്ട തകരാറുകൾ പരിഹരിക്കുന്ന ജോലികൾ, റോഡുകളിലെ ഗതാഗത തടസ്സങ്ങൾ പരിഹരിക്കുന്നതിനുള്ള ജോലികൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

സാങ്കേതിക കാരണങ്ങളാൽ, തടസ്സങ്ങളില്ലാതെ, ഇത്തരം ഇടങ്ങളിലെ പ്രവർത്തനങ്ങൾ, മദ്ധ്യാഹ്ന ഇടവേളയുടെ അവസരത്തിൽ, തുടരേണ്ട സാഹചര്യത്തിൽ തൊഴിലുടമ ഡ്യൂട്ടിയിലുള്ള തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായി തണുത്ത കുടിവെള്ളം നൽകേണ്ടതാണ്. ഇതിന് പുറമെ, തൊഴിലാളികളുടെ ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനായി ഉപ്പ്, നാരങ്ങ തുടങ്ങിയവയുടെ ലഭ്യത ഉറപ്പ് വരുത്തേണ്ടതാണ്. തൊഴിലിടങ്ങളിൽ പ്രഥമശുശ്രൂഷയ്ക്ക് ആവശ്യമായ വസ്തുക്കൾ, തൊഴിലാളികൾക്ക് അവരുടെ ഇടവേള സമയത്ത് വിശ്രമിക്കാൻ തണലുള്ള സ്ഥലം, ചൂട് കുറയ്ക്കുന്നതിനുള്ള ഉചിതമായ വ്യാവസായിക തണുപ്പിക്കൽ സൗകര്യങ്ങൾ എന്നിവ സ്ഥാപനങ്ങൾ ഉറപ്പ് വരുത്തേണ്ടതാണ്.

അറബ് ഉൾപ്പടെ വിവിധ ഭാഷകളിൽ മദ്ധ്യാഹ്ന ഇടവേള സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയ അറിയിപ്പുകൾ തൊഴിലാളികൾക്ക് മനസ്സിലാകുന്നതിനായി തൊഴിലിടങ്ങളിൽ എല്ലാവർക്കും കാണാൻ കഴിയുന്ന രീതിയിൽ പതിപ്പിക്കേണ്ടതാണ്. മദ്ധ്യാഹ്ന ഇടവേള സംബന്ധിച്ച തീരുമാനം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക്, തൊഴിലാളികളുടെ എണ്ണം കണക്കാക്കി 5000 ദിർഹം വീതം (പരമാവധി 50000 ദിർഹം) പിഴ ചുമത്തുന്നതാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

With inputs from WAM (Cover Image: WAM)